റിയാദ് – ദീര്‍ഘകാലം കിഴക്കന്‍ പ്രവിശ്യ ഗവര്‍ണറായിരുന്ന മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന് അന്തരിച്ചതായി റോയല്‍ കോര്‍ട്ട് അറിയിച്ചു. റിയാദ് ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാമസ്ജിദില്‍ നാളെ വൈകീട്ട് അസര്‍ നമസ്കാരാന്തരം മയ്യിത്ത് നമസ്കാരം പൂര്‍ത്തിയാക്കി മയ്യിത്ത് റിയാദില്‍ ഖബറടക്കും. മുന്‍ സൗദി ഭരണാധികാരി ഫഹദ് രാജാവിന്റെ രണ്ടാമത്തെ പുത്രനായ മുഹമ്മദ് രാജകുമാരന് 1950 ജനവരി നാലിന് റിയാദിലാണ് പിറന്നത്. 75 വയസായിരുന്നു.
1985 മാര്‍ച്ച് മൂന്നു മുതല്‍ 2013 ജനുവരി 14 വരെ 28 വര്‍ഷക്കാലം കിഴക്കന്‍ പ്രവിശ്യ ഗവര്‍ണറായിരുന്നു. അതിനു മുമ്പ് ആഭ്യന്തര സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന് ജീവകാരുണ്യ മേഖലയില്‍ വലിയ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് ഹ്യുമാനിറ്റേറിയന്‍ ഡെവലപ്മെന്റ് ഫൗണ്ടേഷന് സ്ഥാപിക്കുകയും സൗദി യുവാക്കളെ ശാക്തീകരിക്കാന്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് യുവജന വികസന പ്രോഗ്രാം ആരംഭിക്കുകയും സ്വദേശികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യാന്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് യൂനിവേഴ്സിറ്റി സ്ഥാപിക്കുകയും ചെയ്തു.
മുന്‍ ആഭ്യന്തര മന്ത്രി നായിഫ് രാജകുമാരന്റെ പുത്രി ജവാഹിര്‍ രാജകുമാരിയാണ് ഭാര്യ. നോഫ് രാജകുമാരി, സഹമന്ത്രി തുര്‍ക്കി രാജകുമാരന്, നൂറ രാജകുമാരി, ഖാലിദ് രാജകുമാരന്, മിശാഅല്‍ രാജകുമാരി, അബ്ദുല്‍ അസീസ് രാജകുമാരന് എന്നിവര്‍ മക്കളാണ്.