റിയാദ്: സൗദി അറേബ്യയുടെ വിനോദസഞ്ചാര മേഖലയില്‍ മികച്ച വളര്‍ച്ച തുടരുകയാണെന്നും ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 2024ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ മാത്രം 27 ശതമാനം വര്‍ധന ഉണ്ടായെന്നും ടൂറിസം മന്ത്രി അഹ്‌മദ് അല്‍ ഖതീബ് പറഞ്ഞു. മുന്‍വര്‍ഷം ഇതേകാലയളവിൽ 14 ശതമാനമായിരുന്നു വർധന. റിയാദില്‍ സംഘടിപ്പിച്ച 2025 ബജറ്റ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ ടൂറിസവും കൂടുതൽ ജനപ്രിയമായി വരികയാണെന്നും രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സഞ്ചാരികളുടെ വര്‍ധനയുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം രാജ്യത്തെ ടൂറിസം മേഖല 4,800 കോടി റിയാലിന്റെ വളര്‍ച്ച കൈവരിച്ചു. ഈ വര്‍ഷം ആദ്യ ആറു മാസത്തിനുള്ളില്‍ മാത്രം ഇത് 4,100 കോടി റിയാലിലെത്തിയിട്ടുണ്ട്. ടൂറിസം തന്ത്രം വിഭാവനം ചെയ്യുന്ന നിലവാരത്തിലെത്തുന്നതു വരെ ഓരോ വര്‍ഷവും 30 ശതമാനം മുതല്‍ 40 ശതമാനം വരെ വളര്‍ച്ച കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥയിലും തൊഴിലുകളിലും ടൂറിസം മേഖലയുടെ പങ്ക് 2030ഓടെ പത്തു ശതമാനമാക്കി ഉയര്‍ത്താൻ ലക്ഷ്യമിടുന്നതായി ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ് പറഞ്ഞു. 2018ല്‍ വെറും മൂന്ന് ശതമാനമായിരുന്ന ടൂറിസം മേഖലയുടെ സംഭാവന കഴിഞ്ഞ വര്‍ഷാവസാനത്തോടെ അഞ്ചു ശതമാനത്തിലെത്തിക്കാൻ കഴിഞ്ഞിരുന്നു. വിഷൻ 2030ന്റെ ഭാഗമായി 2030ഓടെ 10 കോടി വിദേശ വിനോദസഞ്ചാരികളെ സൗദിയിലെത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തോടെ തന്നെ ഈ ലക്ഷ്യവും കടന്ന് 10.9 കോടി ടൂറിസ്റ്റുകളാണ് രാജ്യത്തെത്തിയത്. ഈ പശ്ചാതലത്തിലാണ് കിരീടവകാശിയുടെ നിർദേശ പ്രകാരം പുതിയ ലക്ഷ്യങ്ങൾ നിർണയിച്ചതന്നും മന്ത്രി പറഞ്ഞു.
ടൂറിസം മേഖലയിലെ തൊഴിലുകള്‍ 7.5 ലക്ഷത്തില്‍ നിന്ന് നിന്ന് 9.6 ലക്ഷം ആയി ഉയര്‍ത്തി. കോവിഡ് മഹാമാരിക്കു മുമ്പ് 2019ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നടപ്പു വര്‍ഷത്തിലെ ആദ്യ ഏഴു മാസങ്ങളില്‍ രാജ്യത്ത് ടൂറിസം മേഖല 70 ശതമാനം വളര്‍ച്ച കൈവരിച്ചു. ജി-20 രാജ്യങ്ങളിൽ ടൂറിസം മേഖലയില്‍ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയത് സൗദിയിലാണ്. രണ്ടാം സ്ഥാനത്ത് തുര്‍ക്കിയാണ്. തുര്‍ക്കിയില്‍ ടൂറിസം മേഖലാ വളര്‍ച്ച അഞ്ചു ശതമാനം മാത്രമാണ്. വിനോദസഞ്ചാര വിപണിയിൽ ഒരു സ്വാഭാവിക പങ്ക് സൗദി അറേബ്യ സ്വന്തമാക്കി തുടങ്ങിയിട്ടുണ്ട്. ലോക വിനോദസഞ്ചാര വിപണി വിഹിതത്തില്‍ മധ്യപൗരസ്ത്യ മേഖല വളരെ പിന്നിലാണ്. ആറു മുതല്‍ ഏഴു ശതമാനം വരെ മാത്രമാണിത്.
വ്യക്തമായ കാഴ്ചപ്പാട്, ശാക്തീകരണ പദ്ധതികൾ, മികച്ച തന്ത്രങ്ങൾ, കൂട്ടായ പ്രവർത്തനം, മെച്ചപ്പെട്ട വിമാന സർവീസ് ലഭ്യത എന്നിവയിലൂടെയാണ് ഈ വളര്‍ച്ച സാധ്യമായത്. എയര്‍ കണക്റ്റിവിറ്റി പദ്ധതിയുടെ ഭാഗമായി നിരവധി പുതിയ നഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുംമറ്റ് മികച്ച സൗകര്യങ്ങളും നല്‍കി. ഇതിലൂടെ സമ്പദ്‌വ്യവസ്ഥയുടെ പത്തു ശതമാനമായി ടൂറിസം മേഖലയുടെ സംഭാവന ഉയര്‍ത്താനാകും. വിനോദസഞ്ചാരികളുടെ എണ്ണത്തിലല്ല, മറിച്ച് അവരുടെ ധനവിനിയോഗത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ധനവിനിയോഗമാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സമ്പദ് വ്യവസ്ഥക്ക് മുതൽക്കൂട്ടാകുകയും ചെയ്യുന്നത്. ടൂറിസ്റ്റുകളുടെ എണ്ണത്തിലെ വർധനവ് നല്ല പ്രവണതയാണെങ്കിലും അത് മുൻഗണനയിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. വികസിത ടൂറിസം വിപണികളും ഇതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.