പെരിന്തൽമണ്ണ/തൃശൂർ: മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി സ്വർണ്ണക്കവർച്ച നടത്തിയ സംഘം പിടിയിൽ. കണ്ണൂർ സ്വദേശികളായ പ്രബിൻ ലാൽ, ലിജിൻ രാജൻ, തൃശൂർ വരന്തരപ്പള്ളി സ്വദേശികളായ സതീശൻ, നിഖിൽ എന്നിവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
പ്രതികളെ ചോദ്യംചെയ്ത് വരികയാണെന്ന് തൃശൂർ ഈസ്റ്റ് പോലീസ് പ്രതികരിച്ചു. പ്രതികളിൽനിന്ന് സ്വർണം കിട്ടിയിട്ടില്ലെന്നാണ് വിവരം. അഞ്ച് പേർ കൂടി സംഘത്തിലുണ്ടെന്നാണ് സൂചനയെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സ്കൂട്ടറിൽ യാത്ര ചെയ്യുന്ന സഹോദരങ്ങളെ ആക്രമിച്ച് കവർച്ചയുണ്ടായത്. ജ്വല്ലറി അടച്ച് വീട്ടിലേക്ക് പോകുന്നതിനിടെ, പെരിന്തൽമണ്ണയിലെ എം കെ ജ്വല്ലറി ഉടമ കിനാതിയിൽ യൂസഫും സഹോദരൻ ഷാനവാസും സഞ്ചരിച്ച സ്കൂട്ടർ ജൂബിലി ജംഗ്ഷന് സമീപത്ത് വച്ച് ഇടിച്ചുവീഴ്ത്തിയാണ് അക്രമികൾ സ്വർണം കവർന്നത്. മൂന്നര കിലോ സ്വർണം കവർന്നതായാണ് പരാതി.