കൊല്ലം- കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസിൽ മൂന്നു പ്രതികൾക്കും ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂൺ കരീംരാജ (33), ദാവൂദ് സുലൈമാൻ (27) എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. നാലാം പ്രതി ഷംസുദ്ദീനെ കോടതി നേരത്തെ കുറ്റമുക്തനാക്കിയിരുന്നു. അഞ്ചാംപ്രതി മുഹമ്മദ് അയൂബ് മാപ്പുസാക്ഷിയായി.
2016 ജൂൺ 15 ന് രാവിലെ 10.45 നായിരുന്നു കൊല്ലം കലക്ടറേറ്റ് വളപ്പിലെ മുന്‍സിഫ് കോടതിക്ക് മുന്നിലെ ജീപ്പില്‍ സ്ഫോടനമുണ്ടായത്. തൊഴിൽ വകുപ്പിന്റെ ഉപയോഗിക്കാതെ കിടന്ന ജീപ്പിൽ ചോറ്റുപാത്രത്തിലാണ് ബോംബ് വച്ചത്. രണ്ട് ചോറ്റുപാത്രങ്ങള്‍ക്കുള്ളില്‍ ഡിറ്റണേറ്ററുകളും ബാറ്ററിയും വെടിമരുന്നും നിറച്ചാണ് സ്ഫോടനം നടത്തിയത്. സ്ഫോടനത്തില്‍ പേരയം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സാബുവിന് പരുക്കേറ്റിരുന്നു.