പത്തനംതിട്ട: 56 വർഷം മുമ്പ് വിമാനാപകടത്തിൽ ലേ ലഡാക്കിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ തോമസ് ചെറിയാന് നാടിന്റെ അന്ത്യാഞ്ജലി. സംസ്കാരം ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ നടന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
പള്ളിയിലെ ചടങ്ങുകൾ പൂർത്തിയാക്കിയതിന് ശേഷം സൈന്യം ബഹുമതികൾ അർപ്പിച്ചു. സംസ്ഥാന സർക്കാരിനായി മന്ത്രി വീണ ജോർജ് അന്തിമോപചാരം അർപ്പിച്ചു. ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അനുശോചന സന്ദേശവും ചടങ്ങിൽ വായിച്ചു. പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ 10.30 ഓടെ സൈനിക അകമ്പടിയോടെയാണ് പത്തനംതിട്ട ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിച്ചത്. ഇവിടെ പൊതുദർശനത്തിനും വീട്ടിലെ ചടങ്ങുകൾക്കും ശേഷം വിലാപയാത്രയായാണ് ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് പള്ളിയിലെത്തിച്ചത്. പള്ളിയിലും പൊതുദർശനത്തിന് അവസരമൊരുക്കിയതിന് ശേഷമാണ് സംസ്കാരം നടന്നത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് വ്യോമസേന വിമാനത്തിൽ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. കേന്ദ്ര സംസ്ഥാന മന്ത്രിമാരും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങിയ മൃതദേഹം തുടർന്ന് പാങ്ങോട് സൈനിക കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
1965-ലാണ് തോമസ് ചെറിയാൻ സൈന്യത്തിൽ ചേർന്നത്. ചണ്ഡീഗഢിൽ നിന്ന് ലേ ലഡാക്കിലേക്ക് സൈനികരുമായി പോയ വിമാനം 1968 ഫെബ്രുവരി ഏഴിനാണ് അപകടത്തിൽപ്പെട്ട് മഞ്ഞുമലയിൽ കാണാതായത്. ആർമിയിൽ ക്രാഫ്റ്റ്സ്മാനായ തോമസ് ചെറിയാന് 22 വയസുള്ളപ്പോഴായിരുന്നു അപകടം. എട്ടും പന്ത്രണ്ടും വയസായിരുന്നു ആ സമയത്ത് സഹോദരങ്ങൾക്ക്. തോമസ് ചെറിയാന് മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമാണുണ്ടായിരുന്നത്. ക്രാഫ്റ്റ്സ്മാനായി ലഡാക്കിലായിരുന്നു തോമസ് ചെറിയാന്റെ ആദ്യസേവനം.
അന്ന് വിമാനത്തിലുണ്ടായിരുന്ന 103 പേരിൽ 96 പേരും സൈനികരായിരുന്നു. ഇതിൽ ആകെ കണ്ടെടുത്തത് ഒമ്പത് പേരുടെ മൃതദേഹമാണ്. തോമസ് ചെറിയാന് പുറമെ അഞ്ച് മലയാളികളും ഈ വിമാനത്തിലുണ്ടായിരുന്നു. ഇവരെയും ഇതുവരെയും കണ്ടെത്താനായിട്ടില്ല. വിമാനം തകർന്നുവീണ നാൾ മുതൽ തുടരുന്ന അന്വേഷണങ്ങൾക്കൊടുവിൽ കഴിഞ്ഞ തിങ്കളാഴ്ച പകൽ മൂന്നരയോടെയാണ് മഞ്ഞുമലകൾക്കടിയിൽ നിന്ന് തോമസ് ചെറിയാൻ ഉൾപ്പെടെ നാലുപേരുടെ മൃതദേഹം കണ്ടെടുത്തത്. തുടർന്ന് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി കേന്ദ്ര സർക്കാർ ഇന്നലെ ഭൗതികശരീരം വ്യോമമാർഗം നാട്ടിലെത്തിക്കുകയായിരുന്നു. അപകടത്തിൽ കാണാതായ മറ്റു സൈനികർക്കായി തിരച്ചിൽ തുടരുകയാണ്.