കറാച്ചി: അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ലോകകപ്പ് നേടിയതിന് ശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന് പ്രഖ്യാപിച്ചിരുന്ന ഓള്‍റൗണ്ടര്‍ റാഷിദ് ഖാന് തീരുമാനം മാറ്റി. കഴിഞ്ഞ ദിവസം താരം വിവാഹിതനായി. കഴിഞ്ഞ ദിവസം കാബൂളില്‍ നടന്ന പ്രൗഢമായ ചടങ്ങിലായിരുന്നു വിവാഹം.
അഫ്ഗാന് ലോകകപ്പ് നേടിയതിന് ശേഷം മാത്രമാണ് താന്‍ വിവാഹിതനാവുക എന്ന് റാഷിദ് ഖാന് മുമ്പൊരിക്കല്‍ പ്രഖ്യാപിച്ചത് വലിയ വാര്‍ത്തായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആസാദി റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രഖ്യാപനം. എന്നാല്‍ അഫ്ഗാനെ ലോകകപ്പ് നേടാന്‍ സാധ്യതയുള്ള മികച്ച ടീമായി ഉയര്‍ത്തിയതിന് ശേഷം ഇപ്പോള്‍ വിവാഹിതനായിരിക്കുകയാണ് റാഷിദ്.
അഫ്ഗാന് ക്രിക്കറ്റ് ടീമംഗങ്ങള്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളായ റാഷിദ് ഖാന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രാജ്യതലസ്ഥാനമായ കാബൂളില്‍ കനത്ത സുരക്ഷാ വലയത്തിലാണ് വിവാഹം നടന്നത്. വിവാഹ വേദിയായ സ്വകാര്യഹോട്ടലിന് പുറത്ത് ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചുറ്റിക്കറങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റാഷിദിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തുന്നത്.
റാഷിദിനൊപ്പം മൂന്ന് സഹോദരങ്ങളും അതേ വേദിയില്‍ വിവാഹിതരായി. സഹോദരന്മാരായ ആമിര്‍ ഖലീല്‍, സക്കിയുള്ള, റാസാ ഖാന് എന്നിവരാണ് റാഷിദ് ഖാനൊപ്പം വിവാഹിതരായത്. പരമ്പരാഗത പഷ്ത്തൂണ്‍ ആചാരപ്രകാരമാണ് 26കാരനായ റാഷിദിന്റെ വിവാഹം നടന്നത്.