കണ്ണൂർ: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂരിൽ രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി രമേശൻ അറസ്റ്റിലായി. മറ്റൊരു ബ്രാഞ്ച് സെക്രട്ടറി അനീഷും പ്രതിയാണ്. അനീഷിനെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും ഇരു പ്രതികൾക്കുമെതിരേ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതായും പോലീസ് അറിയിച്ചു.
പോലീസ് കേസെടുത്തതിന് പിന്നാലെ രണ്ട് പേരെയും സി.പി.എമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിതായി പാർട്ടി അറിയിച്ചു. പാർട്ടിയുടെ സൽപേരിന് കളങ്കം വരുത്തുംവിധം പെരുമാറിയതിനാണ് നടപടിയെന്ന് നേതാക്കൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തൃശൂർ കുന്നംകുളത്തിന് അടുത്ത് ചിറനല്ലൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ സെബിൻ ഫ്രാൻസിസിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റിലായത്.