കൊച്ചി: ഐഎസ്എല്ലില്‍ പുതിയ സീസണില്‍ ആദ്യ ജയം നേടി കേരളാ ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനെതിരേ 2-1ന്റെ ജയമാണ് മഞ്ഞപ്പട നേടിയത്. ഹോം ഗ്രൗണ്ടില്‍ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യജയം നേടിയത്. ഈസ്റ്റ് ബംഗാളിനെതിരേ നോഹ സദോയ്, ക്വാമി പെപ്ര എന്നിവരിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചടി.പകരക്കാരന് മലയാളി താരം വിഷ്ണു പി വിയിലൂടെയാണ് ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തിയത്. അവസാന അരമണിക്കൂറാണ് മല്‍സരത്തിന്റെ ഗതി നിര്‍ണ്ണയിച്ചത്. അഡ്രിയാന്‍ ലൂണയില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം കൊച്ചിയെ ഞെട്ടിച്ച് ഈസ്റ്റ് ബംഗാളാണ് ആദ്യഗോള്‍ നേടിയത്. 57-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങി രണ്ടുമിനിറ്റിനകം വിഷ്ണു ബംഗാളിനെ മുന്നിലെത്തിച്ചു. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ പിഴവില്‍ നിന്ന് പന്ത് റാഞ്ചി മുന്നേറിയ മുന്‍ ബ്ലാസ്റ്റേഴ്സ് താരമായ ദിമിത്രി ഡിയാമാന്റക്കോസ് നല്കിയ പാസ് വലയിലേക്ക് തട്ടിയിടേണ്ട കാര്യമേ വിഷ്ണുവിനുണ്ടായിരുന്നുള്ളൂ.
ഗോള്വീണതിനു പിന്നാലെ ബ്ലാസ്റ്റേഴ്സ് ഉണര്‍ന്നു. 63ാം മിനിറ്റില്‍ ഇടതുവിങ്ങില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ നോഹ സദോയി തകര്‍പ്പന്‍ സ്കില്‍ പുറത്തെടുത്ത് ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തെ കാഴ്ചക്കാരാക്കി മുന്‍ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഗോള്‍കീപ്പര്‍ ഗില്ലിന്റെ കാലിനിടയിലൂടെ പന്ത് വലയ്ക്കുള്ളിലാക്കി.
പകരക്കാരനായി ഇറങ്ങിയ ക്വാമി പെപ്രയുടെ ഊഴമായിരുന്നു അടുത്തത്.88ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തിന്റെ ആശയക്കുഴപ്പം മുതലെടുത്ത് പന്ത് റാഞ്ചിയ മുഹമ്മദ് ഐമനാണ് ഗോളിന് വഴിയൊരുക്കിയത്. ഐമന് നല്കിയ പാസ് ബോക്സിലുള്ള ബ്ലാസ്റ്റേഴ്സ് താരത്തിന് പാസ് ചെയ്യാനെന്ന മട്ടില്‍ ഗോള്‍കീപ്പറെ കബളിപ്പിച്ച പെപ്ര പന്ത് വലയിലെത്തിച്ചു.