റിയാദ്- ഹോത്ത സുദൈറില്‍ നിന്ന് റിയാദിലെത്തിയ ശേഷം കാണാതായ മലയാളിയുടെ മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തി. തിരൂര്‍ വളവന്നൂര്‍ ചെറവന്നൂര്‍ താഴത്തെ പീടിയേക്കല്‍ വീട്ടില്‍ അബ്ദുല്ല(64)യുടെ മൃതദേഹമാണ് റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ഹോത്ത സുദൈറില്‍ നിന്ന് ജോലി ചെയ്യുന്ന കമ്പനിയുടെ വാഹനത്തില്‍ വെള്ളിയാഴ്ച ബത്ഹയിലെത്തിയതായിരുന്നു ഇദ്ദേഹം.
എന്നാല്‍ തിരിച്ച് കമ്പനിയില്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തിന് വേണ്ടി അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ ഖദീജ. മക്കള്‍: സുമയ്യ, സുഹൈല്‍, ദില്‍ഷാദ്, തന്‍വീര്‍, തബ്ഷീര്‍. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുന്നതിന്റെ നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂര്‍, റഫീഖ് ചെറുമുക്ക്, ബഷീര്‍ വിരിപ്പാടം, ജുനൈദ് താനൂര്‍ എന്നിവര്‍ രംഗത്തുണ്ട്.