ജിദ്ദ – അമേരിക്കന്‍ ബോണ്ടുകളിലെ നിക്ഷേപം സൗദി അറേബ്യ 142.7 ബില്യണ്‍ ഡോളറായി ഉയര്‍ത്തി. ജൂലൈ മാസത്തില്‍ യു.എസ് ബോണ്ടുകളില്‍ 2.4 കോടി ഡോളറാണ് സൗദി അറേബ്യ അധികമായി നിക്ഷേപിച്ചത്. ഒരു മാസത്തിനിടെ നിക്ഷേപം 1.7 ശതമാനം തോതില്‍ വര്‍ധിച്ചു. 2020 മാര്‍ച്ചിനു ശേഷം ആദ്യമാണ് സൗദി അറേബ്യ അമേരിക്കന്‍ ബോണ്ടുകളിലെ നിക്ഷേപം ഇത്രയും വര്‍ധിപ്പിക്കുന്നത്. കൊറോണ മഹാമാരി വ്യാപനത്തിനു തൊട്ടു മുമ്പ് യു.എസ് ബോണ്ടുകളിലെ സൗദി നിക്ഷേപം 159.1 ബില്യണ്‍ ഡോളറായിരുന്നു. അമേരിക്കന്‍ ബോണ്ടുകളില്‍ ഏറ്റവുമധികം നിക്ഷേപങ്ങള്‍ നടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ജൂലൈ മാസത്തിലും സൗദി അറേബ്യ 17-ാം സ്ഥാനത്ത് തുടര്‍ന്നു.
ഒരു വര്‍ഷത്തിനിടെ സൗദി അറേബ്യ 33.5 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ട്. 2023 ജൂലൈയില്‍ യു.എസ് ബോണ്ടുകളിലെ സൗദി നിക്ഷേപം 109.2 ബില്യണ്‍ ഡോളറായിരുന്നു. ഒരു കൊല്ലത്തിനിടെ അമേരിക്കന്‍ ബോണ്ടുകളിലെ സൗദി നിക്ഷേപം 31 ശതമാനം തോതില്‍ വര്‍ധിച്ചു.
കൊറോണ മഹാമാരി വ്യാപനം വരെയുള്ള കാലത്ത് സൗദി അറേബ്യ അമേരിക്കന്‍ ബോണ്ടുകളിലെ നിക്ഷേപം തുടര്‍ച്ചയായി ഉയര്‍ത്തിവന്നു. കൊറോണ വ്യാപനത്തോടെ നിക്ഷേപം കുറക്കാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ വീണ്ടും സൗദി അറേബ്യ അമേരിക്കന്‍ ബോണ്ടുകള്‍ വാങ്ങാന്‍ തുടങ്ങി. കഴിഞ്ഞ 12 മാസവും അമേരിക്കന്‍ ബോണ്ടുകളില്‍ സൗദി അറേബ്യ അധിക നിക്ഷേപം നടത്തി.
ജൂണ്‍ മാസത്തെ അപേക്ഷിച്ച് ജൂലൈ മാസത്തില്‍ അമേരിക്കന്‍ ബോണ്ടുകളിലെ ആഗോള നിക്ഷേപങ്ങള്‍ 1.6 ശതമാനം തോതില്‍ ഉയര്‍ന്ന് 8.34 ട്രില്യണ്‍ ഡോളറായി. അമേരിക്കന്‍ ബോണ്ടുകളില്‍ ഏറ്റവുമധികം നിക്ഷേപം നടത്തിയ രാജ്യം ജപ്പാനാണ്. രണ്ടാം സ്ഥാനത്ത് ചൈനയാണ്. ജൂലൈ അവസാനത്തെ കണക്കുകള്‍ പ്രകാരം ജപ്പാന് 1.12 ട്രില്യണ്‍ ഡോളറും ചൈന 776.5 ബില്യണ്‍ ഡോളറും അമേരിക്കന്‍ ബോണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ജൂലൈയില്‍ ഇരു രാജ്യങ്ങളും അമേരിക്കന്‍ ബോണ്ടുകളിലെ നിക്ഷേപങ്ങളില്‍ കുറവ് വരുത്തിയിരുന്നു.