കൊച്ചി: എളമക്കരയിൽനിന്നും പിടിയിലായ സെക്സ് റാക്കറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. കൊച്ചിയും ബെംഗളൂരുവിലുമായി വ്യാപിച്ചു കിടക്കുന്ന പെൺവാണിഭ സംഘം 20-കാരിയായ പെൺകുട്ടിയെ എട്ടു വർഷത്തിനിടെ പലർക്കും കാഴ്ചവെച്ചതായി പ്രതികൾ പോലീസിനോട് സമ്മതിച്ചതായാണ് വിവരം.
ഇരയായ പെൺകുട്ടി, സെക്സ് റാക്കറ്റ് നിയന്ത്രിക്കുന്ന ജഗത, സെറീന, സഹായി ശ്യാം എന്നിവരാണ് പോലീസിന്റെ പിടിയിലുള്ളത്. ഇവരിൽനിന്നും കൂടുതൽ വിവരങ്ങൾ തേടി വരികയാണ് പോലീസ്.
ബംഗ്ലാദേശിൽനിന്നും 12-ാം വയസ്സിൽ ഇന്ത്യയിലെത്തിയ പെൺകുട്ടിയെ വലയിലാക്കിയത് ശ്യാമാണ്. പിന്നീട് ശ്യാം ഇടപാടുകാരിൽനിന്നും കൂടുതൽ പണം വാങ്ങി പെൺകുട്ടിയെ പലർക്കും ദുരുപയോഗപ്പെടുത്താൻ അവസരമൊരുക്കുകയായിയുരുന്നു. സെക്സ് റാക്കറ്റിന്റെ ബെംഗളൂരുവിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് സെറീനയാണ്. കൊച്ചിയിലെ സംഘത്തെ ജഗതയുമാണ് നിയന്ത്രിച്ചതെന്നാണ് പറയുന്നത്.
ദിവസം ഏഴുപേർ വരെ തന്റെയടുത്ത് എത്തിയതായി പെൺകുട്ടി പോലീസിന് മൊഴി നൽകിയതായാണ് റിപ്പോർട്ട്. ശേഷം ബെംഗളൂരു റാക്കറ്റിനെ നിയന്ത്രിച്ച സെറീനയ്ക്ക് കൈമാറുകയായിരുന്നു. സെറീനയും പലർക്കും പെൺകുട്ടിയെ നൽകി. തുടർന്ന് കഴിഞ്ഞയാഴ്ചയാണ് പെൺകുട്ടി കൊച്ചിയിലെ ജഗതയുടെ നിയന്ത്രണത്തിൽ എത്തിച്ചത്. ഇവിടെ ഇരുപതിലേറെ പേർക്ക് ജഗത പെൺകുട്ടിയെ കാഴ്ചവെക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച കൂടുതൽ കണ്ണികളെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരികയാണ്.