ഒരുപാട് നാളുകളായി മനസ്സിൽ കൊണ്ടുനടന്ന ഒരു ആഗ്രഹമായിരുന്നു അൽ ബഹയുടെയും മക്ക പ്രവിശ്യയുടെയും അതിർത്തിയോട് ചേർന്നുകിടക്കുന്ന ‘ജബൽ ഇബ്രാഹിം’ മലയുടെ പിൻവശത്തേക്കുള്ള ആ ഓഫ്റോഡ് യാത്ര. ഈ മലയുടെ മുൻവശത്തേക്ക് വിരലിലെണ്ണിയാൽ തീരാത്തത്ര തവണ പോയിട്ടുണ്ടെങ്കിലും, അതിന്റെ മറുപുറത്ത് കണ്ണിന് കാഴ്ചവിരുന്നൊരുക്കുന്ന മറ്റൊരു വഴിയുണ്ടെന്ന് അറിഞ്ഞത് ജ്യേഷ്ഠസഹോദരൻ ഷിബു നീലാംബ്രായിൽ നിന്നാണ്.
എന്നത്തെയും പോലെ എൻ്റെ സഹയാത്രികരായി ജംഷീറും അഫ്സലും നിയാസും കൂടെയുണ്ടായിരുന്നു. ഒപ്പം ഈ യാത്രയിൽ ആദ്യമായി ഞങ്ങളോടൊപ്പം ചേർന്ന നൗഷാദും.
വെള്ളിയാഴ്ച രാവിലെ പുറപ്പെടാനായിരുന്നു പദ്ധതി. ഉച്ചയ്ക്ക് ജുമുഅ നമസ്കാരത്തിന് മുൻപ് ജബൽ ഇബ്രാഹിമിന് അടുത്തുള്ള പള്ളിയിലെത്തണം. നമസ്കാരം കഴിഞ്ഞ ഉടൻ തന്നെ ലക്ഷ്യസ്ഥാനത്തേക്ക് തിരിക്കണം—അതായിരുന്നു ഞങ്ങളുടെ റൂട്ട് പ്ലാൻ.
ഞാനൊഴികെ മറ്റെല്ലാവരും ബഹ്റയിലാണ് താമസം. രാവിലെ ആറരയോടെ ഞാൻ അവരുടെ അടുത്തെത്തി. ഏഴുമണിയോടെ ഞങ്ങൾ അഞ്ചുപേരും യാത്ര ആരംഭിച്ചു. അഫ്സൽ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് നേരെ വന്നതുകൊണ്ട് അവൻ നല്ല ഉറക്കച്ചടവിലായിരുന്നു. ഹദാ ചുരം പിന്നിട്ട് റോഡരികിലെ ഒരു പാർക്കിൽ വണ്ടി നിർത്തി. എല്ലാവർക്കുമായി എൻ്റെ ഭാര്യ കൊടുത്തയച്ച സാൻഡ്വിച്ചുകൾ ഞങ്ങൾ അവിടെയിരുന്ന് കഴിച്ചു. എന്നാൽ, വയറ് പൂർണ്ണമായും നിറയാതിരുന്നതിനാൽ തായിഫിൽ ഞങ്ങൾ സ്ഥിരം കേറാറുള്ള ‘ഒയാസിസ്’ മലയാളി റെസ്റ്റോറന്റിൽ കയറി പ്രഭാതഭക്ഷണം പൂർത്തിയാക്കി.
ജിദ്ദയിൽ നിന്ന് ഏകദേശം 360 കിലോമീറ്ററും നാലര മണിക്കൂർ യാത്രാദൂരവുമുണ്ട് ഞങ്ങളുടെ സ്റ്റാർട്ടിങ് പോയിന്റിലേക്ക്. പന്ത്രണ്ടു മണിയോടെ പ്ലാൻ ചെയ്ത പള്ളിയിലെത്തി. ജുമുഅക്ക് ശേഷം തൊട്ടടുത്തുള്ള ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണവും വാങ്ങി ഞങ്ങൾ യാത്ര തുടർന്നു. ഇനി അങ്ങോട്ട് വഴി കാട്ടാൻ ഗൂഗിൾ മാപ്പ് കൃത്യമായി സഹായിക്കില്ല. മലയുടെ ചെരിവുകളിലൂടെയും വാദികളിലൂടെയും കടന്നുപോകുന്ന വഴികളിലൂടെ സാറ്റലൈറ്റ് മാപ്പിന്റെ സഹായത്തോടെ സ്വന്തമായി വഴി കണ്ടുപിടിച്ചു വേണം മുന്നോട്ട് പോകാൻ.
മനോഹരമായ കാഴ്ചകൾ നിറഞ്ഞതായിരുന്നു ആ വഴി. കണ്ണിന് കുളിർമയേകുന്ന പ്രകൃതിഭംഗി. ഞങ്ങളുടെ വാഹനമല്ലാതെ മറ്റൊരു വണ്ടിയും അവിടെങ്ങും കണ്ടില്ല. യാത്രയ്ക്കിടയിൽ വഴിയിൽ കണ്ട ഒരു സൗദി സംഘത്തോട് “അബു ജാസിമിന്റെ മസ്റഅ (തോട്ടം) എവിടെയാണ്?” എന്ന് തിരക്കി. “മുന്നോട്ട് പോയ്ക്കോളൂ” എന്ന് പറഞ്ഞ് അവർ വഴികാട്ടി തന്നു. ആദ്യമായി വരുന്ന വഴിയായതുകൊണ്ടും നേരം ഇരുട്ടിയാൽ വാദികളിൽ കുടുങ്ങിപ്പോകുമെന്ന ഭയമുള്ളതുകൊണ്ടും അപൂർവ്വം ചിലയിടങ്ങളിൽ മാത്രം വണ്ടി നിർത്തി കാഴ്ചകൾ ആസ്വദിച്ച് ഞങ്ങൾ യാത്ര തുടർന്നു.
അബു ജാസിമിന്റെ മസ്റഅ ലക്ഷ്യമിട്ടായിരുന്നു യാത്ര. ഉച്ചയ്ക്ക് രണ്ടരയോടെ തോട്ടത്തിന് സമീപമെത്തി. ചുറ്റും മാതളനാരങ്ങാ തോട്ടങ്ങളാണ്. ആദ്യം കണ്ട കൃഷിയിടത്തിൽ ജോലി ചെയ്തിരുന്ന യമൻ സ്വദേശിയോട് മാതളനാരങ്ങ വാങ്ങാൻ കിട്ടുമോ എന്ന് ചോദിച്ചെങ്കിലും, മുതലാളി (കഫീൽ) സ്ഥലത്തില്ലാത്തതിനാൽ തരാൻ കഴിയില്ലെന്നായിരുന്നു മറുപടി.
അവിടെ നിന്നും വീണ്ടും മുന്നോട്ട് നീങ്ങി ഒടുവിൽ അബു ജാസിമിന്റെ മസ്റഅയുടെ മുന്നിലെത്തി. ഉയരമുള്ള വലിയ ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. അകത്തേക്ക് കടക്കാൻ വഴിയൊന്നും കാണാത്തതിനാൽ തൊട്ടടുത്തുള്ള വാദിയിൽ വണ്ടി നിർത്തി ഞങ്ങൾ ഭക്ഷണം കഴിക്കാനിരുന്നു. വിശപ്പിന്റെ കാഠിന്യം കാരണം വാങ്ങി വെച്ച ഭക്ഷണം മുഴുവൻ ഞങ്ങൾ തീർത്തു. അതിനിടയിൽ ജംഷീറിന്റെ ആത്മഗതം: “ഇതുവരെ മലകളെല്ലാം ഒരുപോലെയായിരുന്നു തോന്നിയത്, ഇപ്പോഴാണ് എല്ലാം വ്യക്തമായി കാണുന്നത്!” അവൻ നല്ല വിശപ്പിലായിരുന്നു എന്ന് സാരം.
ഭക്ഷണം കഴിഞ്ഞയുടൻ ക്ഷീണം കാരണം നൗഷാദും അഫ്സലും ജംഷീറും അവിടെത്തന്നെ കിടന്നുറങ്ങി. ഞാനും നിയാസും കൂടി അബു ജാസിമിന്റെ മസ്റഅ കാണാൻ നടന്നു.
ഏകദേശം മൂന്ന് വർഷമായി അബു ജാസിമുമായി ഞാൻ വാട്സ്ആപ്പിൽ ബന്ധപ്പെടാറുണ്ട്. എന്നെ വ്യക്തിപരമായി അദ്ദേഹത്തിന് അറിയാൻ വഴിയില്ല. എങ്കിലും, ഞങ്ങളും കൂട്ടുകാരും അദ്ദേഹത്തിന്റെ തോട്ടത്തിന് മുന്നിൽ എത്തിയിട്ടുണ്ടെന്ന വിവരം ഒരു മെസ്സേജിലൂടെ അറിയിച്ചു. ഉടൻ തന്നെ മറുപടി ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
എന്നാൽ, അത്ഭുതപ്പെടുത്തിക്കൊണ്ട് തൊട്ടടുത്ത നിമിഷം അദ്ദേഹത്തിന്റെ മറുപടി വന്നു. ആതിഥ്യമര്യാദയുടെ അങ്ങേയറ്റമായിരുന്നു ആ ശബ്ദസന്ദേശം! “ഇത് നിങ്ങളുടെ കൂടി തോട്ടമാണ്. ധൈര്യമായി അകത്തുകയറി കാഴ്ചകൾ കണ്ടോളൂ, ഇഷ്ടമുള്ളതെന്തും പറിച്ചെടുത്തോളൂ!” എന്നായിരുന്നു അറബിയിലുള്ള അദ്ദേഹത്തിന്റെ സ്നേഹമസൃണമായ മറുപടി.

അദ്ദേഹം നൽകിയ അനുവാദത്തോടെ ഞങ്ങൾ തോട്ടത്തിലേക്ക് കടന്നു. നാല് എത്യോപ്യക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയുമാണ് അവിടെ ജോലി ചെയ്യുന്നത്. അവരുടെ മുഖത്തെ സന്തോഷത്തിൽ നിന്നുതന്നെ മനസ്സിലാക്കാം, മുതലാളി അവർക്ക് നൽകുന്ന നല്ല പരിഗണനയും പെരുമാറ്റവും. മാതളനാരങ്ങ, അത്തിപ്പഴം, മുന്തിരി, ബാർലി, മാവ്, ഈച്ച വളർത്തൽ (തേൻ), കാപ്പി തുടങ്ങി വൈവിധ്യമാർന്ന വിളകൾ അവിടെയുണ്ട്.
അസർ നമസ്കാര സമയം ആയപ്പോൾ ഞങ്ങൾ തോട്ടത്തിന് മുകളിലെ നിരന്ന സ്ഥലത്ത് നിസ്കരിച്ചു. നിസ്കാരപ്പായയിൽ കിടക്കുമ്പോൾ ചുറ്റും വീശിയടിച്ച കുളിർകാറ്റും പച്ചപ്പും മലനിരകളും ആ വൈകുന്നേരത്തെ കൂടുതൽ മനോഹരമാക്കി.
തോട്ടം കണ്ട് മടങ്ങാൻ നേരത്ത് ബംഗ്ലാദേശ് സ്വദേശിയായ യൂസുഫ് ഞങ്ങൾക്ക് ഒരുപാട് റുമ്മാനും (മാതളനാരങ്ങ) മറ്റു പഴങ്ങളും പറിച്ചുതന്നു. സംസാരത്തിനിടയിൽ ഞങ്ങൾ ജിദ്ദയിൽ നിന്നാണെന്ന് അറിഞ്ഞപ്പോൾ യൂസുഫിന്റെ മുഖത്ത് വലിയ സന്തോഷം. ജിദ്ദയിലെ ഒരു പ്ലാന്റ് നഴ്സറിയിൽ ജോലി ചെയ്യുന്ന തന്റെ ജ്യേഷ്ഠന് കുറച്ച് പഴങ്ങൾ കൊടുത്തയച്ചാൽ എത്തിച്ചു കൊടുക്കാമോ എന്ന് യൂസുഫ് ചോദിച്ചു. ഞങ്ങൾ സന്തോഷത്തോടെ അത് സമ്മതിച്ചു. വളരെ സ്നേഹത്തോടെ അവൻ പഴങ്ങൾ ഒരു കാർട്ടണിലാക്കി ഞങ്ങളെ ഏൽപ്പിച്ചു.

ആഗ്രഹിച്ച ലക്ഷ്യസ്ഥാനത്ത് എത്തിയതിന്റെയും അബു ജാസിമിൽ നിന്നും ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന്റെയും സന്തോഷത്തോടെ മനസ്സ് നിറഞ്ഞ് ഞങ്ങൾ ജിദ്ദയിലേക്ക് മടങ്ങി. രാത്രി 11 മണിയോടെ കൂട്ടുകാരെ ബഹ്റയിൽ ഇറക്കി, 12 മണിയോടെ ഞാൻ എൻ്റെ റൂമിലെത്തി.
പിറ്റേ ദിവസം ജോലി കഴിഞ്ഞ് ഞാൻ യൂസുഫിന്റെ ജ്യേഷ്ഠനെ ബന്ധപ്പെട്ടു. നോർത്ത് ജിദ്ദയിലെ ‘അബ്ഹൂറി’ലായിരുന്നു അദ്ദേഹത്തിന്റെ ജോലിസ്ഥലം. അനിയൻ കൊടുത്തയച്ച സമ്മാനവുമായി ഞാൻ അദ്ദേഹത്തിന്റെ അടുത്തെത്തി. 400 കിലോമീറ്ററിനപ്പുറമുള്ള അനിയന്റെ അടുത്ത് നിന്ന് ഇങ്ങനെയൊരു സമ്മാനം തേടിയെത്തുമെന്ന് ആ ജ്യേഷ്ഠൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആ പെട്ടി കൈമാറിയപ്പോൾ അദ്ദേഹത്തിന്റെ മുഖത്തുണ്ടായ സന്തോഷം വാക്കുകൾക്ക് അതീതമായിരുന്നു.
കുറച്ചുനേരം വണ്ടിയിലിരുന്ന് സംസാരിച്ച് ഞാൻ മടങ്ങാൻ തുടങ്ങിയപ്പോൾ എന്നോട് അല്പം കാത്തുനിൽക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. റൂമിലേക്ക് ഓടിപ്പോയ അദ്ദേഹം തിരികെ വന്നത് മനോഹരമായ ഒരു ഇൻഡോർ പ്ലാന്റും (വീട്ടിനുള്ളിൽ വളർത്തുന്ന ചെടി) എനിക്കുള്ള സമ്മാനവുമായിട്ടായിരുന്നു. അത് വാങ്ങുമ്പോൾ എന്റെ മനസ്സും സന്തോഷം കൊണ്ട് നിറഞ്ഞു.
യാത്രകൾ അങ്ങനെയാണ്… ഒട്ടും പ്രതീക്ഷിക്കാത്ത കണ്ടുമുട്ടലുകൾ, പുതിയ സൗഹൃദങ്ങൾ, അതിലുമപ്പുറം എന്നും മനസ്സിൽ സൂക്ഷിക്കാൻ കുറേ നല്ല ഓർമ്മകൾ! മുൻപരിചയം പോലുമില്ലാത്ത മനുഷ്യരിൽ നിന്ന് ലഭിക്കുന്ന അപൂർവ്വമായ വരവേൽപ്പുകൾ…
യാത്രകൾ അവസാനിക്കുന്നില്ല, ഓർമ്മകളും!



