ആലപ്പുഴ: മകളുടെ വിവാഹത്തിനായി വിദേശത്തുനിന്ന് നാട്ടിലേക്കു വരികയായിരുന്ന പിതാവും മകളും വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ വള്ളികുന്നം പള്ളിക്കുറ്റി താളിരാടി വെങ്ങാലേത്ത് വിളയിൽ അബ്ദുസത്താർ ഹാജി(52), വിവാഹം ഉറപ്പിച്ച മകൾ ആലിയ (20) എന്നിവരാണ് മരിച്ചത്.
സൗദിയിൽനിന്നും നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങിയ ഇരുവരെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതിനിടെ ഹരിപ്പാട് ദേശീയ പാതയിൽ കരുവാറ്റ കെ.വി ജെട്ടി ജങ്ഷനിൽ വച്ചായിരുന്നു അപകടം.
ഇവർ സഞ്ചരിച്ച ഇന്നോവ കാർ, നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. പിതാവിനെയും മകളെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലം ജീവൻ രക്ഷിക്കാനായില്ല. മൂന്നു മക്കളിൽ മൂത്തവളാണ് മരിച്ച ആലിയ. കാറിലുണ്ടായിരുന്ന ബന്ധുക്കളും ഡ്രൈവറും അടക്കം മറ്റ് നാലുപേർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.