ലിസ്ബണ്‍: കരിയറില്‍ 900 ഗോളുകള്‍ എന്ന മാന്ത്രികസംഖയിലെത്തി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ ക്രൊയേഷ്യയ്ക്കെതിരെയായിരുന്നു റൊണാള്‍ഡോയുടെ ചരിത്ര നേട്ടം. ക്രൊയേഷ്യക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ ക്രിസ്റ്റ്യാനോയ്ക്ക് 1235 കളിയില്‍ 899 ഗോളുണ്ടായിരുന്നു. 34ാം മിനിറ്റില്‍ നുനോ മെന്‍ഡസിന്റെ ക്രോസ് പിടിച്ചെടുത്ത് ക്ലോസ് റേഞ്ചില്‍നിന്ന് റൊണാള്‍ഡോയുടെ വോളി വലയിലെത്തുകയായിരുന്നു. രാജ്യാന്തര ഫുട്ബോളില്‍ 131 ഗോളുകളാണ് റൊണാള്‍ഡോയ്ക്കുള്ളത്. മത്സരം പോര്‍ച്ചുഗല്‍ 2-1ന് വിജയിച്ചു.
ക്ലബ്ബ് കരിയറില്‍ സ്പോര്‍ട്ടിങ് ലിസ്ബണ്‍ (അഞ്ച് ഗോള്‍), മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് (172), റയല്‍ മഡ്രിഡ് (450), യുവന്റസ് (101),അല്‍ നസര്് (68) എന്നിങ്ങനെയാണ് ഗോള്‍ കണക്ക്.ഗോള്‍ വേട്ടക്കാരില്‍ 859 കരിയര്‍ ഗോളുകളുമായി അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് രണ്ടാം സ്ഥാനത്തുള്ളത്. 765 ഗോളുകളുമായി ബ്രസീല്‍ ഇതിഹാസ താരം പെലെയാണ് മൂന്നാമത്. റൊണാള്‍ഡോയുടെ 769 ഗോളുകളും ക്ലബ്ബ് കരിയറില്‍നിന്നുള്ളതാണ്.
പുരുഷ ഫുട്ബോളില്‍ 800 ഗോള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് റൊണാള്‍ഡോ നേരത്തേ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ 900 ഗോളുകള്‍ നേടുന്ന ആദ്യ താരവുമായി. ആയിരം ഗോളുകളിലേക്കെത്തുകയാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നു റൊണാള്‍ഡോ പ്രതികരിച്ചിട്ടുണ്ട്. പോര്‍ച്ചുഗീസ് ക്ലബ്ബില്‍ കരിയര്‍ തുടങ്ങിയ റോണോ 2003ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേരുന്നത്.
ആറു സീസണുകള്‍ക്കു ശേഷം സ്പാനിഷ് വമ്പന്മാരായ റയലിലെത്തി. ഒന്‍പതു വര്‍ഷത്തെ കരിയറില്‍ 438 മത്സരങ്ങളില്‍നിന്ന് റയലില്‍ താരം അടിച്ചുകൂട്ടിയത് 450 ഗോളുകള്‍. രണ്ടു വര്‍ഷം ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസില്‍ കളിച്ച ശേഷം വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തി. പീന്നിടാണ് സൗദി പ്രോ ലീഗിലേക്ക് റൊണാള്‍ഡോ പോയത്.
ചരിത്ര ഗോള്‍ പിറന്നപ്പോള്‍ കൈകള്‍കൊണ്ട് മുഖം മറച്ച് ഗ്രൗണ്ടില്‍ വീണാണ് താരം ആഘോഷിച്ചത്. ”ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന നേട്ടത്തിലാണ് ഇപ്പോള്‍ എത്തിയത്. ഞാന്‍ കളിക്കുന്നതു തുടര്‍ന്നാല്‍ ഈ നമ്പരിലേക്ക് എത്താന്‍ സാധിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു.” റൊണാള്‍ഡോ മത്സരശേഷം പറഞ്ഞു.