മലപ്പുറം: വയനാട്ടിലെ ഉരുൾ പൊട്ടൽ മൂലം എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വയനാട് പുനരധിവാസ ഫണ്ടിലേക്ക് ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി 12,42,800 രൂപ കൈമാറി. മലപ്പുറം ജില്ല മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടിയുടെ സാന്നിധ്യത്തിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കു ജില്ല കെ.എം.സി.സി പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ് തുക കൈമാറി.
ജിദ്ദയിലെ മലപ്പുറം ജില്ലയിലെ മണ്ഡലം പഞ്ചായത്ത് കമ്മിറ്റികളുടെ സഹകരണത്തോടെയാണ് ഫണ്ട് ശേഖരിച്ചത്. മുസ്ലിം ലീഗ് ജില്ല സെക്രട്ടറിമാരായ പി.എം.എ സമീർ, കെ.ടി അഷ്റഫ്, അൻവർ മുള്ളമ്പാറ,സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാം മമ്പാട്, ജില്ല കെ.എം.സി.സി ചെയർമാൻ കെ.കെ മുഹമ്മദ് ചിറയിൽ, ജില്ല ഭാരവാഹികളായ സലീം മമ്പാട്, അബു കട്ടുപ്പാറ, മുസ്തഫ ചെമ്പൻ, ബേബി നീലാമ്പ്ര, സി.ടി ശിഹാബ്, മലപ്പുറം ജില്ല കെ.എം.സി.സി മുൻ ജനറൽ സെക്രട്ടറി മജീദ് കോട്ടീരി, മണ്ഡലം ഭാരവാഹികളായ റഷീദ് മങ്കട, ജംഷീദ് ബാബു മലപ്പുറം, മലപ്പുറം സി.എച്ച് സെന്റർ പ്രസിഡന്റ് അനീസ് നൂറാൻ, ജാസിം മുഹമ്മദ്, പി.എൻ. വാസിം തുടങ്ങിയവർ സംബന്ധിച്ചു.