കൊച്ചി- സിനിമാ സംഘടനയായ അമ്മയുടെ ജോയിന്റ് സെക്രട്ടറി ബാബുരാജിനെതിരെ ലൈംഗീക പീഡന ആരോപണം. തന്നെ ആലുവയിലെ വീട്ടിൽ ക്ഷണിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് ജൂനിയർ ആർടിസ്റ്റിന്റെ ആരോപണം. ഇതു സംബന്ധിച്ച് അന്നത്തെ കൊച്ചി ഡി.സി.പി ശശിധരന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും യുവതി വ്യക്തമാക്കി.
സിനിമയിൽ അവസരം ഉണ്ടെന്ന് അറിയിച്ച് ആലുവയിലെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. അവിടെ വെച്ച് ശാരീരികമായി പീഡിപ്പിച്ചു. ഇതേതുടർന്നാണ് കൊച്ചി ഡി.സി.പിക്ക് പരാതി നൽകിയത്. എന്നാൽ തുടർനടപടികൾ ഉണ്ടായില്ലെന്നും ഇതിൽ മനംമടുത്തുവെന്നും യുവതി പറഞ്ഞു. എന്നാൽ യുവതിയോട് പരാതി നൽകാൻ പറഞ്ഞിരുന്നെങ്കിലും വ്യക്തിപരമായ അസൗകര്യമുണ്ടെന്ന് പറഞ്ഞ് യുവതി അതിന് തയ്യാറായില്ലെന്നും നിലവിൽ മലപ്പുറം എസ്.പിയായ ശശിധരൻ പറഞ്ഞു.
സർക്കാർ നിയോഗിച്ച പുതിയ കമ്മീഷന് മുന്നിൽ പരാതി നൽകാൻ തയ്യാറാണെന്നും ഇവർ ആരോപിച്ചു. അതേസമയം, സംവിധായകൻ തുളസീദാസ് തന്നോട് മോശമായി പെരുമാറിയെന്ന് നടി ഗീതു വിജയൻ ആരോപണം ഉന്നയിച്ചു. ചാഞ്ചാട്ടം സിനിമയുടെ സെറ്റിൽ വെച്ചാണ് മോശം അനുഭവമുണ്ടായതെന്നും ഗീതു വിജയൻ പറഞ്ഞു.