ജിദ്ദ – വിവാഹിതരാകാന്‍ പോകുന്ന സൗദി യുവാക്കള്‍ക്ക് അനുവദിക്കുന്ന ലഘുവായ്പകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സാമൂഹിക വികസന ബാങ്ക് അറിയിച്ചു. വ്യക്തിഗത വായ്പാ ഉല്പന്നങ്ങള് മെച്ചപ്പെടുത്താനും വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ചുവടു വെപ്പിന്റെ ഭാഗമായാണിത്. ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെട്ടതും ഫലപ്രദവുമായ സേവനങ്ങള്‍ നല്കാന് ലക്ഷ്യമിട്ടാണ് വിവാഹ വായ്പകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതെന്ന് ബാങ്ക് പറഞ്ഞു. ബാങ്കിന്റെ മറ്റു വായ്പകള്‍ക്ക് സൗദി പൗരന്മാര്ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
സാമൂഹിക വികസന ബാങ്കില്‍ നിന്ന് ഇതിനകം 12 ലക്ഷത്തിലേറെ പേര്‍ക്ക് വിവാഹ വായ്പകള്‍ നല്‍കിയിട്ടുണ്ട്. 18,000 റിയാല്‍ മുതല്‍ 60,000 റിയാല്‍ വരെയാണ് വിവാഹ വായ്പയായി നല്‍കുന്നത്. യാതൊരുവിധ അഡ്മിനിസ്ട്രേറ്റീവ് ഫീസുകളും ചെലവുകളും നല്‍കാതെ വായ്പാ തുക നാലു വര്‍ഷത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ മതി. മരണപ്പെടുകയോ പൂര്‍ണ വൈകല്യം നേരിടുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ വായ്പ തിരിച്ചടക്കേണ്ടതുമില്ല.