വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയില്‍ വന്‍ വെട്ടിപ്പ്. എടോടിയില് പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ നിന്ന് ഏകദേശം 17 കോടി രൂപ വിലവരുന്ന 26 കിലോ സ്വര്‍ണവുമായി മുന്‍ മാനേജര്‍ മുങ്ങിയതായി പോലീസില്‍ പരാതി ലഭിച്ചു. മൂന്നു വര്‍ഷം വടകരയില്‍ ജോലി ചെയ്ത തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി ജയകുമാർ (34) സ്വര്‍ണാഭരണവുമായി കടന്നുകളഞ്ഞെന്നാണ് പരാതി.
കഴിഞ്ഞ മാസം ഇയാളെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇയാള്‍ അവിടെ ചാര്‍ജ് എടുക്കാതെ സ്ഥലം വിട്ടിരിക്കുകയാണ്. തുടര്‍ന്ന് വടകര ശാഖയില്‍ നടത്തിയ പരിശോധനയിലാണ് പണയ സ്വര്‍ണത്തില്‍ ഭീമന് വെട്ടിപ്പ് നടന്നത് അറിയുന്നത്. 2021 ജൂണ്‍ 13 മുതല്‍ 2024 ജൂലൈ ആറു വരെ 42 അക്കൗണ്ടുകളിലാണ് വെട്ടിപ്പ് നടത്തിയത്. മുക്ക് പണ്ടം പകരം വെച്ചാണ് ഇയാള്‍ സ്വര്‍ണാഭരണവുമായി കടന്നുകളഞ്ഞത്.വടകരയില്‍ പുതുതായി ചാര്‍ജെടുത്ത മാനേജര്‍ ഈസ്റ്റ് പള്ളൂര്‍ സ്വദേശി ഇര്‍ഷാദിന്റെ പരാതിപ്രകാരം വടകര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.