ന്യൂദൽഹി- ടെക്നോളജി സേവന ദാതാവിന് നേരെയുണ്ടായ സൈബർ (ransomware) ആക്രമണത്തെ തുടർന്ന്, ഇന്ത്യയിലെ 300 ഓളം ചെറുകിട പ്രാദേശിക ബാങ്കുകളിലെ പേയ്‌മെൻ്റ് സംവിധാനങ്ങൾ താൽക്കാലികമായി നിർത്തി. രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തുടനീളമുള്ള ചെറുകിട ബാങ്കുകൾക്ക് ബാങ്കിംഗ് സാങ്കേതിക സംവിധാനങ്ങൾ നൽകുന്ന സി-എഡ്ജ് ടെക്നോളജീസിനെയാണ് ആക്രമിച്ചത്. അതേസമയം ഇതുസംബന്ധിച്ച് സി-എഡ്ജ് ടെക്നോളജീസ് പ്രതികരിച്ചിട്ടില്ല. റിസർവ് ബാങ്കും ഇക്കാര്യത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു.
പേയ്‌മെൻ്റ് സംവിധാനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന അതോറിറ്റിയായ നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ബുധനാഴ്ച വൈകിട്ട് പുറപ്പെടുവിച്ച പ്രസ്താവനയിൽ, “എൻപിസിഐ പ്രവർത്തിപ്പിക്കുന്ന റീട്ടെയിൽ പേയ്‌മെൻ്റ് സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് സി-എഡ്ജ് ടെക്‌നോളജീസിനെ താൽക്കാലികമായി തടഞ്ഞതായി വ്യക്തമാക്കുകയും ചെയ്തു.
“സി-എഡ്ജ് സേവനം നൽകുന്ന ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പേയ്‌മെൻ്റ് സംവിധാനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയില്ലെന്ന് എൻ.പി.സി.ഐ നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രാദേശിക, സഹകരണ ബാങ്കുകളെയാണ് ആക്രമണം ബാധിച്ചത്. ഈ ബാങ്കുകളിൽ അധികവും വലിയ നഗരങ്ങൾക്ക് പുറത്ത് പ്രവർത്തിക്കുന്നവയാണ്. ആക്രമണം വ്യാപിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എൻപിസിഐ ഒരു ഓഡിറ്റ് നടത്തുകയാണെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സൈബർ ആക്രമണങ്ങളെക്കുറിച്ച് ആർബിഐയും ഇന്ത്യൻ സൈബർ അധികാരികളും ഇന്ത്യൻ ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ബാങ്കിംഗ് വ്യവസായ വൃത്തങ്ങൾ അറിയിച്ചു.