കൽപ്പറ്റ- വയനാടിനെ നടുക്കിയ വൻ ഉരുൾപൊട്ടലിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. വയനാട്, മുണ്ടക്കൈ, ചൂരൽമല എന്നിവടങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലിൽ ഇതേവരെ എട്ടുപേരുടെ മരണമാണ് സ്ഥീരികരിച്ചത്. മലപ്പുറം പോത്തുകല്ലിൽ പുഴയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി.പോത്തുകല്ല് മേലേ കുനിപ്പാല ഭാഗത്ത് നിന്നാണ് ബോഡി കിട്ടിയത്. 5 വയസ്സ് പ്രായം തോന്നിക്കും.
ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ ഇനിയും ഉയരുമെന്ന ഭയമുണ്ട്. അപകടമുണ്ടായ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർ എത്തിത്തുടങ്ങുന്നതേയുള്ളൂ. വലിയ വലിയ മരത്തടികളും പാറക്കെട്ടുകളുമാണ് ഉരുൾപ്പൊട്ടലിൽ കുത്തിയൊലിച്ചെത്തിയത്.
വെള്ളം വന്ന പ്രദേശങ്ങളിലെ കെട്ടിടങ്ങളെല്ലാം നക്കിത്തുടച്ചു. വീടുകൾ നിന്ന സ്ഥലങ്ങളിൽ മരങ്ങൾ കെട്ടിക്കിടക്കുന്ന കാഴ്ചയാണുള്ളത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്.