കയ്റോ– ഈജിപ്ത് തലസ്ഥാനമായ കയ്റോയ്ക്ക് സമീപം ഗിസ ഗവർണറേറ്റിലെ വറാഖ് റിംഗ് റോഡിലുണ്ടായ വൻ വാഹനാപകട ദുരന്തത്തിനിടെ ഇരകളുടെ വിലപിടിപ്പുള്ള വസ്തുക്കളും കത്തിനശിച്ച വാഹനങ്ങളുടെ ഭാഗങ്ങളും മോഷ്ടിക്കാൻ ശ്രമിച്ച സംഘത്തെ ഈജിപ്ഷ്യൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. രക്ഷാപ്രവർത്തകരും നാട്ടുകാരും മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിലും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിലും മുഴുകിയിരുന്ന സമയത്താണ് പ്രതികൾ കവർച്ചയ്ക്ക് ശ്രമിച്ചത്. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇവരെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മണിക്കൂറുകൾക്കുള്ളിൽ 18 കോടി പൗണ്ടിന്റെ സഹായം
ദുരന്തബാധിതരെ സഹായിക്കാൻ ഈജിപ്തിനകത്തും പുറത്തുമുള്ള വ്യവസായികളും ഭരണകൂടവും പൊതുജനങ്ങളും കൈകോർത്തതോടെ മണിക്കൂറുകൾക്കുള്ളിൽ ഏകദേശം 18 കോടി ഈജിപ്ഷ്യൻ പൗണ്ട് (3.5 മില്യൺ ഡോളർ) സമാഹരിച്ചു.
- സെൻട്രൽ ബാങ്ക്: ബാങ്കിംഗ് മേഖലയുമായി സഹകരിച്ച് 6 കോടി പൗണ്ട് (1.2 മില്യൺ ഡോളർ) പ്രാരംഭ സഹായം നൽകാൻ ഈജിപ്ത് സെൻട്രൽ ബാങ്ക് നിർദ്ദേശം നൽകി.
- സൗദി സഹായം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 3 കോടി പൗണ്ടും പരിക്കേറ്റ 26 പേർക്ക് 1.3 കോടി പൗണ്ടുമടക്കം ആകെ 4.3 കോടി പൗണ്ട് നൽകുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽശൈഖ് പ്രഖ്യാപിച്ചു.
- വ്യവസായ സമൂഹം: വ്യവസായ പ്രമുഖരിൽ നിന്ന് 3.6 കോടി പൗണ്ടും, ഹിഷാം തൽഅത്ത് മുസ്തഫ, അഹ്മദ് ഇസ്സ്, യാസീൻ മൻസൂർ എന്നിവരിൽ നിന്നായി 3 കോടി പൗണ്ടും (ഒരു കോടി വീതം) മന്ത്രിസഭയ്ക്ക് ലഭിച്ചു.
- മന്ത്രാലയങ്ങളും എൻ.ജി.ഒകളും: സിവിൽ ഏവിയേഷൻ മന്ത്രാലയം 3 കോടി പൗണ്ടിന്റെയും എൻ.ജി.ഒകൾ 2.4 കോടി പൗണ്ടിന്റെയും സഹായം ഉറപ്പാക്കി.
ജനകീയ സംഭാവനകൾക്കായി നാസർ സോഷ്യൽ ബാങ്കിൽ പ്രത്യേക അക്കൗണ്ടും ഇൻസ്റ്റാപേ സൗകര്യവും സോഷ്യൽ സോളിഡാരിറ്റി മന്ത്രാലയം തുറന്നു. കൂടാതെ, നവംബർ 26 മുതൽ ഒരു മാസത്തേക്ക് മൊബൈൽ വാലറ്റുകൾ വഴി പൊതുജനങ്ങൾ നൽകുന്ന തുകയ്ക്ക് തുല്യമായ വിഹിതം രാജ്യത്തെ നാല് മൊബൈൽ നെറ്റ്വർക്ക് ഓപ്പറേറ്റർമാരും നൽകുമെന്ന് വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ഈ ഐക്യദാർഢ്യത്തിന് പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി നന്ദി രേഖപ്പെടുത്തി.
അപകടത്തിന് കാരണമായ കാർ ഡ്രൈവർ പിടിയിൽ
വറാഖ് റിംഗ് റോഡിൽ ഇന്ധന ടാങ്കർ മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തിൽ 31 പേർ മരിക്കുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 27 വാഹനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. അപകടത്തിന് കാരണക്കാരനായ സ്വകാര്യ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ അലക്ഷ്യമായി വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന്റെ കാർ ഇന്ധന ടാങ്കറിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇടിയുടെ ആഘാതത്തിൽ ടയർ പൊട്ടി നിയന്ത്രണം വിട്ട ടാങ്കർ ബാരിയറിലിടിച്ച് മറിയുകയും, ചോർന്ന പെട്രോളിന് തീപിടിച്ച് വൻ സ്ഫോടനമുണ്ടാകുകയുമായിരുന്നു. പരിക്കേറ്റവരിൽ അഞ്ച് പേർ ആശുപത്രി വിട്ടതായും 21 പേർ ചികിത്സയിൽ തുടരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.



