മുംബൈ- ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രതികരിച്ച് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. മീമുകൾ വിനോദത്തിന് വേണ്ടിയുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു, പക്ഷേ അത് ആരുടെയെങ്കിലും ജീവിതവുമായി ബന്ധപ്പെട്ടതാണെങ്കിൽ അത്തരം മീമുകൾ തയ്യാറാക്കേണ്ടത് വളരെ ശ്രദ്ധയോടെയാണ്. അടിസ്ഥാനമില്ലാത്ത പേജുകളിൽനിന്നുള്ള വാർത്തകളാണ് ആളുകൾ ഷെയർ ചെയ്യുന്നത്. സാനിയയുമായുള്ള വിവാഹവാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മുഹമ്മദ് ഷമി പറഞ്ഞു.
ഒരാളുടെ കാല് വലിക്കുന്നത് വളരെ എളുപ്പമാണ്. നിങ്ങൾ ആദ്യം കഠിനാധ്വാനം ചെയ്യുക, വിജയം നേടുക, നിങ്ങളുടെ നിലവാരം ഉയർത്തുക, ആരെയെങ്കിലും സഹായിക്കുക, അപ്പോൾ മാത്രമേ നിങ്ങൾ ഒരു നല്ല വ്യക്തിയാണെന്ന് ഞാൻ വിശ്വസിക്കൂ- അദ്ദേഹം അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയയിൽ ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്നും ഇത്തരം അനാവശ്യ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഷമി ജനങ്ങളോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസങ്ങളിലാണ് സാനിയയും മുഹമ്മദ് ഷമിയും വിവാഹിതരാകാൻ പോകുന്നുവെന്ന് വാർത്ത പ്രസിദ്ധീകരിച്ചത്. ദ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഈ വാർത്ത അടിസ്ഥാന രഹിതമാണെന്ന് കഴിഞ്ഞ ദിവസം സാനിയയുടെ പിതാവ് വ്യക്തമാക്കിയിരുന്നു.
ഒരു മാസത്തോളമായി ഈ കിംവദന്തിയിൽ മൗനം പാലിച്ച ഷമി ഇപ്പോഴാണ് പ്രതികരിച്ചത്.