മസ്കത്ത് – മസ്കത്തിനു സമീപം വാദി അല്‍കബീറില്‍ മസ്ജിദ് കോംപൗണ്ടിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി. അഞ്ചു സാധാരണക്കാരും ഒരു പോലീസ് ഉദ്യോഗസ്ഥനും മൂന്നു അക്രമികളുമാണ് വെടിവെപ്പിലും ഏറ്റുമുട്ടലിലും കൊല്ലപ്പെട്ടത്. വെടിവെപ്പിലും ഏറ്റുമുട്ടലിലും വ്യത്യസ്ത രാജ്യക്കാരായ 28 പേര്‍ക്ക് പരിക്കേറ്റു. ഇക്കൂട്ടത്തില്‍ നാലു പേര് ഔദ്യോഗിക ഡ്യൂട്ടിയിലേര്‍പ്പെട്ട പോലീസ്, സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിന്റെ സാഹചര്യങ്ങളെ കുറിച്ച് അന്വേഷണങ്ങള്‍ തുടരുകയാണ്. ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടണമെന്നും വിശ്വസനീയമല്ലാത്ത കക്ഷികള്‍ നല്കുന്ന വിവരങ്ങള്‍ അവഗണിക്കണമെന്നും ഒമാന്‍ പോലീസ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് വാദി അല്‍കബീര്‍ ഏരിയയിലെ മസ്ജിദിനു സമീപം വെടിവെപ്പും ഏറ്റുമുട്ടലുമുണ്ടായതെന്ന് ഒമാന്‍ പോലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ സുബ്ഹി നമസ്കാര സമയത്താണ് ഏറ്റുമുട്ടലുണ്ടായതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.