മദീന – കഴിഞ്ഞ കൊല്ലം (ഹിജ്റ 1445) വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 10,19,494 പേര് മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്സ് സന്ദര്‍ശിച്ചതായി കണക്ക്. വ്യത്യസ്ത വലിപ്പങ്ങളിലുള്ള രണ്ടു കോടിയിലേറെ മുസ്ഹഫുകള്‍ ഇവിടെ പ്രതിവര്‍ഷം അച്ചടിക്കുന്നുണ്ട്. 76 ലോക ഭാഷകളിലുള്ള ഖുര്‍ആന്‍ വിവര്‍ത്തനങ്ങളും കോംപ്ലക്സില്‍ അച്ചടിക്കുന്നുണ്ട്.
കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്സ് സന്ദര്‍ശിക്കുന്നവര്‍ക്ക് സൗജന്യമായി മുസ്ഹഫ് കോപ്പികളും ഖുര്‍ആന്‍ വിവര്‍ത്തനങ്ങളും വിതരണം ചെയ്യുന്നുണ്ട്. ഇതിനു പുറമെ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന മുഴുവന്‍ ഹജ് തീര്‍ഥാടകര്‍ക്കും മടക്കയാത്രയില്‍ മുസ്ഹഫ് കോപ്പികള്‍ വിതരണം ചെയ്യാറുണ്ട്. മദീനയില്‍ അച്ചടിക്കുന്ന മുസ്ഹഫുകളും ഖുര്‍ആന്‍ വിവര്‍ത്തനങ്ങളും ലോക രാജ്യങ്ങളില്‍ സൗദി അറേബ്യ സൗജന്യമായി വിതരണം ചെയ്യുന്നു.