വടകര: കോട്ടത്തുരുത്തിക്ക് സമീപം പുഴയിൽ വല വീശി മത്സ്യം പിടിച്ച് മടങ്ങാനുള്ള ശ്രമത്തിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മലപ്പുറം ചേളാരി മുഹമ്മദ് ഷാഫി(40) യുടെ മൃതദേഹം കണ്ടെത്തി. മലപ്പുറത്ത് നിന്ന് കാറിലെത്തിയ സംഘം മീൻ പിടിച്ച് രാവിലെ ഏഴിന് മടങ്ങുന്നതിനിടയിലാണ് ഷാഫി ഒഴുക്കിൽപെട്ടത്. മറ്റ് രണ്ട് പേരും പുഴയിൽ വീണിരുന്നെങ്കിലും കരയിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി.
മത്സ്യ തൊഴിലാളികളും തീരദേശ പോലീസും രക്ഷാപ്രവർത്തനത്തിനിറങ്ങിയെങ്കിലും ഷാഫി ശക്തിയായ ഒഴുക്കിൽ പെടുകയായിരുന്നു. ഇന്നലെ പകലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ തെരച്ചിൽ പുനരാരംഭിക്കാനിരിക്കെ മിനി ഗോവ എന്നറിയപ്പെടുന്ന കോട്ടത്തുരുത്തിയിൽ കരക്കടിഞ്ഞ നിലയിൽ കാണപ്പെടുകയായിരുന്നു.
കാളമ്പ്രാട്ടിൽ ബീരാൻ -ആസ്യ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫർസാന . മക്കൾ: സാബിത്ത്, തൽഹത്ത് ‘. ഷാഫി പറമ്പിൽ എം.പി. കോട്ടത്തുരുത്തിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.