മക്ക – വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബി അന്തരിച്ചതോടെ ആരാകും കഅ്ബാലയത്തിന്റെ അടുത്ത താക്കോല്‍ സൂക്ഷിപ്പുകാരനും പുതിയ പദവിക്ക് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയെ ഏതു രീതിയിലാണ് പുറംലോകത്തെ അറിയിക്കുക എന്നുമുള്ള കാര്യത്തില്‍ ജിജ്ഞാസ നിറഞ്ഞ സംശയങ്ങളും ചോദ്യങ്ങളും ഉയരുന്നു.
അല്‍ശൈബ കുടുംബത്തില്‍ ഏറ്റവും പ്രായമായ വ്യക്തിയാണ് കഅ്ബാലയത്തിന്റെ താക്കോല്‍സൂക്ഷിപ്പുകാരനായി മാറുകയെന്ന് അല്‍ശൈബ കുടുംബത്തിലെ പ്രമുഖനായ നിസാര്‍ അല്‍ശൈബി പറഞ്ഞു. ആരാകും അടുത്ത താക്കോല്‍സൂക്ഷിപ്പുകാരന്‍ എന്ന കാര്യം ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. റോയല്‍ കോര്‍ട്ട് ആണ് ഇക്കാര്യം അറിയിക്കുക.
വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ ഇപ്പോഴും ശൈഖ് സ്വാലിഹ് അല്‍ശൈബിയുടെ വീട്ടിലാണുള്ളത്. നിശ്ചിത പ്രോട്ടോകോളുകള്‍ പ്രകാരം പുതിയ താക്കോല്‍സൂക്ഷിപ്പുകാരനെ തെരഞ്ഞെടുക്കുന്നതു വരെ താക്കോല്‍ ശൈഖ് സ്വാലിഹ് അല്‍ശൈബിയുടെ വീട്ടില്‍ തന്നെ തുടരും. അല്‍ശൈബി കുടുംബത്തില്‍ നിലവില്‍ 400 അംഗങ്ങളാണുള്ളതെന്നും നിസാര്‍ അല്‍ശൈബി പറഞ്ഞു.
ശൈഖ് ഡോ. സ്വാലിഹ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബി അല്‍പ കാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. കഴിഞ്ഞ ദിവസം മരണപ്പെട്ട ശൈഖ് സ്വാലിഹ് അല്‍ശൈബിയുടെ മയ്യിത്ത് ഇന്നലെ പുലര്‍ച്ചെ വിശുദ്ധ ഹറമില്‍ വെച്ച് മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി മക്ക ജന്നത്തുല്‍മുഅല്ലാ ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. മക്ക ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്‌ലാമിക് സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടിയ ശൈഖ് സ്വാലിഹ് അല്‍ശൈബി യൂനിവേഴ്‌സിറ്റി പ്രൊഫസറായിരുന്നു.
പ്രാചകന്‍ മുഹമ്മദ് നബി(സ)യുടെ കാലത്ത് മക്ക വിജയിച്ചടക്കിയതു മുതലുള്ള 77-ാമത്തെയും ഖുസയ് ബിന്‍ കിലാബിന്റെ കാലം മുതലുള്ള 109-ാമത്തെയും കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരനായിരുന്നു ശൈഖ് സ്വാലിഹ് അല്‍ശൈബി. പത്തു വര്‍ഷം മുമ്പ് ഹിജ്‌റ 1435 ല്‍ പിതൃസഹോദരന്‍ അബ്ദുല്‍ഖാദിര്‍ ത്വാഹാ അല്‍ശൈബിയുടെ വിയോഗത്തെ തുടര്‍ന്നാണ് താക്കോല്‍ സൂക്ഷിപ്പ് ചുമതല ശൈഖ് സ്വാലിഹ് അല്‍ശൈബിക്ക് ലഭിച്ചത്. കഅ്ബാലയം തുറക്കല്‍, അടക്കല്‍, ശുചീകരണം, കഴുകല്‍, കിസ്‌വ അണിയിക്കല്‍, കീറിയ കിസ്‌വ നന്നാക്കല്‍, സന്ദര്‍ശകരെ സ്വീകരിക്കല്‍ തുടങ്ങി വിശുദ്ധ കഅ്ബാലയവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളുടെയും ചുമതല താക്കോല്‍ സൂക്ഷിപ്പുകാരനാണ്.
ശൈഖ് സ്വാലിഹ് അല്‍ശൈബി രോഗശയ്യയിലായതിനാല്‍ ഇദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായ അബ്ദുല്‍മലിക് ബിന്‍ ത്വാഹാ അല്‍ശൈബിയാണ് കഴിഞ്ഞയാഴ്ച വിശുദ്ധ കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ ഔപചാരികമായി സ്വീകരിച്ചത്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരനാണ് പുതിയ കിസ്‌വ അബ്ദുല്‍മലിക് ബിന്‍ ത്വാഹാ അല്‍ശൈബിക്ക് കൈമാറിയത്. ഹജ് തീര്‍ഥാടകരുടെ മടക്കം പൂര്‍ത്തിയായ ശേഷം മുഹറം ഒന്നിന് വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കും.
ക്യാപ്.
ശൈഖ് സ്വാലിഹ് അല്‍ശൈബി