കണ്ണൂർ: ന്യൂനപക്ഷ പിന്നോക്ക സമൂഹങ്ങളുടെ നന്മക്കും പുരോഗതിക്കുo വേണ്ടി അക്ഷീണം യത്നിച്ച നേതാവായിരുന്നു സി.കെ. പി. ചെറിയ മമ്മു കേയി സാഹിബെന്ന് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സിറാജ് ഇബ്രാഹിം സേട്ട് പറഞ്ഞു. കണ്ണൂർ ഹരിതം ചരിത്ര പഠനകേന്ദ്രം സംഘടിപ്പിച്ച കേയി സാഹിബ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയ കാല നേതാക്കളുടെ ആത്മാർത്ഥതയും കഠിന പരിശ്രമവുമാണ് ന്യൂനപക്ഷ രാഷ്ട്രീയത്തിന് ബലം നൽകിയതെന്നും ബാഫഖി തങ്ങളുടേയും,പോക്കർ സാഹിബിൻ്റെയും, ഉപ്പി സാഹിബിൻ്റെയും, സേട്ടു സാഹിബിൻ്റെയും നേതൃനിരയിലെ കണ്ണിയായിരുന്നു കേയി സാഹിബെന്നും സിറാജ് സേട്ട് കൂട്ടി ചേർത്തു.
മുന്നണി ബന്ധത്തിനും പൊതു വിഷയങ്ങളിലും മുസ്ലിം ലീഗിൻ്റെ താൽപര്യം സംരക്ഷിക്കുന്നതിൽ കേയി സാഹിബിൻ്റെ പങ്ക് വളരെ വലുതായിരുന്നുവെന്ന് മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല സൂചിപ്പിച്ചു. ഹരിതം ചരിത്ര പഠന കേന്ദ്രം ചെയർമാൻ റഹ്മാൻ തായലങ്ങാടി അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പർ എം.സി .വടകര, ടി.സി മുഹമ്മദ്, ഒ.ഉസ്മാൻ , കാലിക്കറ്റ് യൂണിവേഴ്സിറ്റി സി.എച്ച്.ചെയർ മുൻ ഡയരക്ടർ പി.എ റഷീദ്, കേരള വഖഫ് ബോർഡ് മെമ്പർ അഡ്വ.പി.വി. സൈനുദ്ധീൻ, അശ്റഫ് ബംഗാളി മുഹല്ല, ട്രഷറർ സി.കെ. പി. റഹീസ് , എ.വി. മുസ്തഫ, നൗഷാദ് അണിയാരം, എ.കെ. ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ കൺവീനർ ഒ.കെ. സമദ് സ്വാഗതവും കൺവീനർഎസ്. എൽ. പി. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.