ന്യൂദൽഹി: ലോക്സഭാ, ആന്ധ്രാ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗംഭീര പ്രകടനം നടത്തിയതിന് പിന്നാലെ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ കമ്പനിക്ക് ഓഹരിവിപണിയിൽ വൻ നേട്ടം. ചന്ദ്രബാബു നായിഡു സ്ഥാപിച്ച ഹെറിറ്റേജ് ഫുഡ്സിൻ്റെ ഓഹരികൾ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 55 ശതമാനം ഉയർന്നു. നായിഡുവിന്റെ ഭാര്യ നര ഭുവനേശ്വരിയാണ് കമ്പനിയുടെ പ്രമോട്ടർ. 579 കോടി രൂപയുടെ വർധനവാണ് അഞ്ചു ദിവസം കൊണ്ടു ഉണ്ടായത്.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ജൂൺ 3 ന് സ്റ്റോക്ക് 424 രൂപയായിരുന്നത് ഇപ്പോൾ 661.25 രൂപയിലെത്തി.
ചന്ദ്രബാബു നായിഡു 1992-ലാണ് ഹെറിറ്റേജ് ഫുഡ്സ് സ്ഥാപിച്ചത്. “ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന പൊതു-ലിസ്റ്റഡ് കമ്പനികളിലൊന്ന്” എന്നാണ് കമ്പനി വെബ്സൈറ്റ് ഈ ഹെറിറ്റേജ് ഫുഡ്സിനെ വിശേഷിപ്പിക്കുന്നത്. നിലവിൽ ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ, ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഹെറിറ്റേജിൻ്റെ പാലും പാലുൽപ്പന്നങ്ങളും വിപണിയിലുണ്ട്.
ബിഎസ്ഇ ഡാറ്റ പ്രകാരം 2,26,11,525 ഓഹരികൾ കൈവശം വച്ചിരിക്കുന്ന കമ്പനിയുടെ മുൻനിര ഓഹരിയുടമയാണ് നാര ഭുവനേശ്വരി. നായിഡുവിൻ്റെ മകൻ നാരാ ലോകേഷിന് ഹെറിറ്റേജ് ഫുഡ്സിൻ്റെ 1,00,37,453 ഓഹരികളുണ്ട്. ഓഹരി കുതിച്ചുയർന്നതിന് ശേഷം, ലോകേഷിൻ്റെ ആസ്തിയും 237.8 കോടി രൂപ ഉയർന്നു.
ജൂൺ 4 ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഉയർച്ച ആരംഭിച്ചത്. ടി.ഡി.പി മത്സരിച്ച 17 സീറ്റുകളിൽ 16ലും വിജയിക്കുകയും ലോക്സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.