കോയമ്പത്തൂർ- പ്രധാനമന്ത്രി നരേന്ദ്രമോഡി തമിഴ്നാട്ടിലെ വിവേകാനന്ദപാറയിൽ ധ്യാനം തുടങ്ങി. ജൂൺ ഒന്നുവരെ മോഡി ഇവിടെ ധ്യാനത്തിലിരിക്കും. സ്വാമി വിവേകാനന്ദൻ ധ്യാനിച്ച കന്യാകുമാരിയിലെ വിവേകാനന്ദ റോക്ക് സ്മാരകത്തിലാണ് മോഡി ധ്യാനത്തിലിരിക്കുന്നത്. മോഡി ധ്യാനിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
1892ൽ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ലഭിക്കാൻ സ്വാമി വിവേകാനന്ദൻ ധ്യാനിച്ച അതേ സ്ഥലമായ ധ്യാൻ മണ്ഡപമാണിത്.
ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവയുടെ സംഗമസ്ഥാനം കൂടിയാണിത്. ദേശീയ ഐക്യത്തിൻ്റെ സന്ദേശം നൽകാനാണ് മോഡി കന്യാകുമാരിയെ തെരഞ്ഞെടുത്തതെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോഡി ഉത്തരാഖണ്ഡിൽ സമാനമായ ധ്യാനത്തിലിരുന്നിരുന്നു. കേദാർനാഥിനടുത്തുള്ള ഗുഹയിലായിരുന്നു മോഡി ധ്യാനത്തിലിരുന്നത്.