കണ്ണൂർ – സഹോദരനെ കുത്തിക്കൊലപ്പെടുത്തി ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ. ഇരിക്കൂർ
പടിയൂർ ചാളം വയൽ കോളനിയിലെ രാജീവ (42) നെ കൊലപ്പെടുത്തിയ കേസിൽ അനുജൻ സജീവ (40)നെയാണ് ഇരിക്കൂർ സി. ഐ, എം.എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂർ റെയിൽവെ സ്റ്റേഷൻ പരിസരത്തു വെച്ചാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ആറിനായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം സമീപത്തെ വനത്തിലാണ് സജീവൻ ഓടിക്കയറിയത്. വനത്തിൽ താമസിക്കുന്ന പതിവും ഇയാൾക്കുണ്ടായിരുന്നു. നേരത്തെ റബർഷീറ്റ് മോഷ്ടിച്ച കേസിൽ പ്രതിയായപ്പോഴും വനത്തിലേക്കാണ് ഓടിപ്പോയിരുന്നത്. അതിനാൽ വനം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടർന്ന് കഴിഞ്ഞ ദിവസം അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിച്ചിരുന്നു.
കഴിഞ്ഞ രാത്രി ഇയാളുടെ രൂപത്തോട് സാമ്യമുള്ള ആളെ റെയിൽവേ സ്റ്റേഷനിൽ കണ്ടതിനെത്തുടർന്ന് ഇരിക്കൂർ പോലീസിൽ ഒരാൾ വിളിച്ചറി യിക്കുകയായിരുന്നു. ഇതോടെ ഇരിക്കൂർ പോലീസ് റെയിൽവേ പോലീസിനെ വിവരമറിയിച്ച് രാത്രി തന്നെ കണ്ണൂരിലെത്തി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജ്യേഷ്ഠനെ കുത്തിക്കൊല്ലാൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. പിടിയിലായ സജീവനെ കൊല നടന്ന വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നാണ് ഇരിക്കൂർ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കത്തി കണ്ടെടുത്തത്. വീടിന് പിറകിൽ വിറകിനിടയിൽ ഒളിപ്പിച്ചുവച്ച നിലയിലാ യിരുന്നു കത്തി.
കൊലപാതകം നടത്തുമ്പോൾ സജീവൻ തോർത്തുമുണ്ട് മാത്രമാണ് ഉടുത്തിരുന്നത്. ഇത് അഴിച്ചു വച്ച് മറ്റൊരു വസ്ത്രം ധരിച്ചാണ് ഓടിപ്പോയത്. അഴിച്ചു വച്ച തോർത്തുമുണ്ടും പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.