മദീന: ഫ്രാൻസിൽനിന്ന് പതിമൂന്ന് രാജ്യങ്ങൾ കാൽനടയായി താണ്ടി മദീനയിലെത്തിയ യുവസഞ്ചാരി ആത്മനിർവൃതിയുടെ നിറവിൽ. ഫ്രഞ്ച് സഞ്ചാരിയായ മുഹമ്മദ് ബൗലാബിയറാണ് ഫ്രാൻസിൽനിന്ന് പതിമൂന്ന് രാജ്യങ്ങളിലൂടെ എട്ടായിരം കിലോമീറ്ററിലധികം സഞ്ചരിച്ച് മദീനയിൽ എത്തിയത്. ഹജ് നിർവഹിക്കാനായി വൈകാതെ മക്കയിലേക്ക് തിരിക്കും.
തിരക്കേറിയ നഗരങ്ങളിലൂടെയും പരുക്കൻ പാതകളിലൂടെയും സഞ്ചരിച്ചാണ് മദീനയിലെ പുണ്യനഗരിയിൽ മുഹമ്മദ് ബൗലാബിയാർ എത്തിയത്. സമതലങ്ങളും താഴ്വരകളും തരിശുഭൂമികളും കൊടുംവെയിലും ഇരുട്ടിന്റെ മറവും അനുഭവിച്ച്, നിരവധി കാലാവസ്ഥാ മാറ്റങ്ങളിലൂടെ അഭിമുഖീകരിച്ചുമായിരുന്നു യാത്ര. നിരവധി പ്രതിസന്ധികൾ നേരിട്ടെങ്കിലും മക്കയിലെത്തുക എന്ന കഠിനമായ ആഗ്രഹത്തിൽനിന്ന് പിറകോട്ടുപോകാൻ തയ്യാറായിരുന്നില്ല.
ഫ്രാൻസിൽ ജനിച്ച, അറബ് വേരുകളുള്ള യുവാവാണ് മുഹമ്മദ് ബൗലാബിയാർ. ടുണീഷ്യൻ പിതാവിനും മൊറോക്കൻ മാതാവിനും ജനിച്ച ബൗലാബിയാർ ഏറെ നാളുകളായി യാത്രക്കുള്ള ഒരുക്കത്തിലായിരുന്നു. യാത്രയിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥയായിരുന്നുവെന്ന് ബൗലുബിയാൻ പറയുന്നു. വേനൽക്കാലത്തിലൂടെയും വസന്തത്തിലൂടെയും നടന്നു. ശരത്കാലവും ശൈത്യകാലവും കടന്നുപോയി. കൊടുങ്കാറ്റും ഇടിമുഴക്കവും നേരിട്ടു. യാത്രയുടെ ഒരു ഘട്ടത്തിൽ കനത്ത മഞ്ഞുവീഴ്ചയെ അഭിമുഖീകരിച്ചു. ഗ്രീക്ക് അതിർത്തിയിൽ ഒരാഴ്ച കുടുങ്ങി.
കത്തുന്ന സൂര്യന് താഴെ 40 ഡിഗ്രി ചൂടിൽ നടന്നു, അല്ലാഹുവിന്ന് നന്ദി, എല്ലാം നന്നായി നടന്നു, ഇവിടെ എത്തിയതിൽ ഞാൻ വളരെ സന്തോഷവാനാണ്. ചെറുപ്പം മുതലേയുള്ള എൻ്റെ ആഗ്രഹമായിരുന്നു മക്കയിലേക്കും മദീനയിലേക്കും വരിക എന്നത്. ഇന്നലെ ആദ്യമായി ഇവിടെ എത്തിയപ്പോൾ കണ്ണുകൾ എന്നെ കണ്ണീരിലാഴ്ത്തി. സൗദി ജനതയെ കണ്ടുമുട്ടിയതിൽ വളരെ സന്തോഷമുണ്ട്. ഇത് എൻ്റെ ആദ്യ ഗൾഫ് സന്ദർശനമാണ്. ഊഷ്മളമായ സ്വീകരണമാണ് എനിക്ക് ലഭിച്ചത്. ആളുകൾ ഭക്ഷണവും പാനീയവും നീട്ടി എന്നെ സ്വീകരിച്ചു. ചിലർ അവരുടെ കൂടെ രാത്രി താമസിക്കാൻ ക്ഷണിച്ചു.
ഏകദേശം രണ്ട് വർഷത്തോളമായി യാത്രയുടെ ആശയവും യാത്രാ പദ്ധതിയും തയ്യാറാക്കിയിട്ടെന്നും അദ്ദേഹം പറഞ്ഞു. 2023 ഓഗസ്റ്റ് 27 ന് ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ഈഫൽ ടവറിന് മുന്നിൽ യാത്രയുടെ ആദ്യ ചുവടുകൾ ആരംഭിച്ചു. ഫ്രാൻസിൽ നിന്ന് ആരംഭിച്ച എൻ്റെ യാത്ര, സ്വിറ്റ്സർലൻഡ്, ഇറ്റലി, സ്ലോവേനിയ, ക്രൊയേഷ്യ, ബോസ്നിയ, മോണ്ടിനെഗ്രോ, അൽബേനിയ, മാസിഡോണിയ, ഗ്രീസ്, തുർക്കി, ജോർദാൻ എന്നീ രാജ്യങ്ങളിലൂടെ കടന്നുപോയി. 25 കിലോ തൂക്കമുള്ള ബാഗാണ് കൂടെ കരുതിയിരുന്നത്. അതിൽ ഭക്ഷണവും താമസിക്കാനും വിശ്രമിക്കാനുമുള്ള ടെന്റുമുണ്ടായിരുന്നു. പ്രവാചകനെയും അദ്ദേഹത്തിൻ്റെ സഹയാത്രികരെയും പോലെ നടന്ന് മക്കയിലും മദീനയിലും വരാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.