അബുദാബി- ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ലീവ, മദീനത്ത് സായിദ് സ്റ്റേഷനുകൾ നാളെ (നവംബർ 30) യാത്രക്കാർക്കായി തുറക്കും. അബുദാബിയിൽ നിന്ന് മദീനത്ത് സായിദിലേക്ക് 55 മിനിറ്റും ലീവയിലേക്ക് ഒരു മണിക്കൂർ 20 മിനിറ്റുമാണ് യാത്രാസമയം.
അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ സ്റ്റേഷനുകൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇത്തിഹാദ് റെയിൽ ചെയർമാൻ ഷെയ്ഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചടങ്ങിൽ പങ്കെടുത്തു. ഇരുവരും മദീനത്ത് സായിദിൽ നിന്ന് ലീവയിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത് സ്റ്റേഷനുകളിലെ സൗകര്യങ്ങളും പ്രവർത്തനസജ്ജീകരണങ്ങളും വിലയിരുത്തി.
ഡിസംബർ 11 മുതൽ ജനുവരി രണ്ട് വരെ നടക്കുന്ന ലീവ ഇന്റർനാഷണൽ ഫെസ്റ്റിവലിനോടനുബന്ധിച്ച് അധിക ട്രെയിൻ സർവീസുകളും ഒരുക്കും. ഡിസംബർ ഒമ്പത് മുതൽ ജനുവരി മൂന്ന് വരെ ദിവസവും ലീവയിലേക്ക് നാല് സർവീസുകളും തിരിച്ചുള്ള നാല് സർവീസുകളും ഉൾപ്പെടെ എട്ട് യാത്രകളാണ് നടത്തുക. ഇതോടെഫെസ്റ്റിവലിനെത്തുന്നവർക്ക് കൂടുതൽ സൗകര്യമൊരുങ്ങും.
അബുദാബി-ഫുജൈറ റൂട്ടിൽ ജൂൺ 30നാണ് ആദ്യഘട്ട പാസഞ്ചർ സർവീസുകൾ ആരംഭിച്ചത്. സെപ്റ്റംബർ 30ന് ദുബായും അൽ ദൈദും ശൃംഖലയിൽ ചേർന്നു. പുതിയ സ്റ്റേഷനുകൾ കൂടി തുറക്കുന്നതോടെ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സ്റ്റേഷനുകളുടെ എണ്ണം ആറായി ഉയരും.



