ജറുസലേം– ഗാസയിലുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രമുഖ അന്താരാഷ്ട്ര മെഡിക്കല്‍ സംഘടനയായ ‘ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിലെ’ രണ്ട് ജീവനക്കാര്‍ കൊല്ലപ്പെട്ടു. ഗാസയിലെ ക്ലിനിക്കിന് നേരെയുണ്ടായ ആക്രമണത്തിലാണ് ജീവനക്കാര്‍ മരിച്ചതെന്ന് സംഘടന അറിയിച്ചു. എന്നാല്‍, കൊല്ലപ്പെട്ടവര്‍ ഹമാസ് പ്രവര്‍ത്തകരാണെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വിശദീകരണം
ക്ലിനിക്കില്‍ സുരക്ഷാ ജീവനക്കാരായി ജോലി ചെയ്തിരുന്ന മുആദ് യൂസഫ് അലിറ്റ്സ്ബാക്ക്, അഹമ്മദ് സുഫ്യാന് മുഹമ്മദ് അലി അബു എന്നിവരാണ് കൊല്ലപ്പെട്ടതെന്നും, ഇവര്‍ ഹമാസിന്റെ പീരങ്കി വിഭാഗം കമാന്ഡര്മാരായിരുന്നുവെന്നും ഇസ്രായേല്‍ പ്രതിരോധ സേന അവകാശപ്പെട്ടു.
സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ്, തങ്ങളുടെ സ്ഥാപനത്തിന് നേരെയുണ്ടായ നേരിട്ടുള്ള ആക്രമണത്തെ ശക്തമായി അപലപിച്ചു. കെട്ടിടങ്ങളില്‍ സംഘടനയുടെ ലോഗോകള്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിരുന്നതായും, ഇവയുടെ കൃത്യമായ സ്ഥാനം ഇസ്രായേല്‍ സൈന്യത്തെ നേരത്തെ തന്നെ അറിയിച്ചിരുന്നതായും സംഘടന ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.
ആക്രമണത്തെ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് രൂക്ഷമായി വിമര്‍ശിച്ചു. ഗാസയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാനുഷിക സഹായം നല്കുന്നവര്ക്കും നേരെയുള്ള ആക്രമണങ്ങള്‍ അങ്ങേയറ്റം ഞെട്ടിക്കുന്നതും അംഗീകരിക്കാനാവാത്തതുമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
അതേസമയം, ആശുപത്രിയെയോ മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങളെയോ ലക്ഷ്യമിട്ടിട്ടില്ലെന്ന് ഇസ്രായേല്‍ സൈന്യം ടെലിഗ്രാമിലൂടെ വ്യക്തമാക്കി. അന്താരാഷ്ട്ര സംഘടനകള്‍ക്കുള്ളില്‍ ഹമാസ് നുഴഞ്ഞുകയറി പ്രവര്‍ത്തിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.



