അങ്കാറ– സൗദി അറേബ്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുമായുള്ള ‘മക്ക സംയുക്ത പ്രതിരോധ കരാറിൽ’ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ ഔദ്യോഗികമായി ഒപ്പുവെച്ചു. ഇതോടെ കരാർ അംഗീകരിക്കുന്ന നടപടിക്രമങ്ങൾ തുർക്കി പൂർത്തിയാക്കി. മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലുമൊന്നിന് നേരെയുണ്ടാകുന്ന സായുധ ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുന്നതാണ് ഈ കരാറിലെ പ്രധാന വ്യവസ്ഥ.
ഓഗസ്റ്റ് ഏഴിന് മക്കയിൽ ഒപ്പുവെച്ച കരാറിന് തുർക്കി പാർലമെന്റ് നേരത്തെ തന്നെ അംഗീകാരം നൽകിയിരുന്നു. സൈനിക സഹകരണം വർധിപ്പിക്കാനും കൂട്ടായ പ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്ന കരാർ, യെമനിൽ നിന്ന് സൗദി അറേബ്യയ്ക്ക് നേരെയുണ്ടാകുന്ന ഹൂത്തി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഔദ്യോഗികമായി പ്രാബല്യത്തിൽ വരുന്നത്.
ഫെബ്രുവരിയിൽ ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി വ്യാപിച്ച സാഹചര്യത്തിലാണ് ഈ ത്രികക്ഷി കരാറിന് രൂപം നൽകിയത്. കരാർ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കാൻ കഴിയുമെന്നും പാക് പ്രതിരോധ മന്ത്രി പറഞ്ഞു.
അതേസമയം, ഇറാൻ സൗദി അറേബ്യയ്ക്കെതിരെ നേരിട്ട് ആക്രമണം നടത്തിയാൽ കരാർ പ്രകാരം എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യത്തിന് മറുപടി നൽകാൻ അദ്ദേഹം വിസമ്മതിച്ചു. മേഖലയിലെ മറ്റ് രാജ്യങ്ങൾക്ക് ഇസ്രായേലിൽ നിന്ന് ആക്രമണ ഭീഷണിയുണ്ടാകാൻ സാധ്യതയുണ്ടെന്നും, അതിനാൽ മേഖലയിലെ രാജ്യങ്ങൾ കൂടുതൽ ഐക്യത്തോടെ നിൽക്കേണ്ടതുണ്ടെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി.



