ദുബൈ- ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന യു.എ.ഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നാഷണൽ ഡേ കോൺഫറൻസിലേക്ക് ക്ഷണിക്കുന്നതിനായി ദുബൈ കെ.എം.സി.സി പ്രതിനിധി സംഘം എമിറേറ്റ്സ് റെഡ് ക്രസന്റ് ദുബൈ ഡയറക്ടർ മുഹമ്മദ് അബ്ദുല്ല അൽഹാജ് അൽസറൂനിയെ നേരിൽ സന്ദർശിച്ചു.
കൂടിക്കാഴ്ച അതീവ ഹൃദ്യവും സന്തോഷകരവുമായിരുന്നു. കെ.എം.സി.സി കാലങ്ങളായി നടത്തിവരുന്ന സാമൂഹിക, ജീവകാരുണ്യ, മാനവിക പ്രവർത്തനങ്ങളെ അദ്ദേഹം പ്രത്യേകം പ്രകീർത്തിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. സമൂഹത്തിന്റെ നന്മയ്ക്കും അശരണരുടെയും ദുരിതമനുഭവിക്കുന്നവരുടെയും ആശ്വാസത്തിനുമായി കെ.എം.സി.സി നടത്തുന്ന സേവനപ്രവർത്തനങ്ങൾ ഏറെ വിലമതിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
യു.എ.ഇയുടെ ദേശീയദിനാഘോഷങ്ങളുടെ സന്ദേശമായ ഐക്യവും സഹവർത്തിത്വവും മാനവികതയും കൂടുതൽ ശക്തമായി സമൂഹത്തിലേക്ക് പകരേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
കൂടിക്കാഴ്ചയിൽ റെഡ് ക്രസന്റ് ഉദ്യോഗസ്ഥരായ റാഷിദ് അലി അൽയമ്മാഹി, ഖുലൂദ് അൽമാദീഹ്, മുഹമ്മദ് കമാൽ സയീദ്, കെ എം സി സി സംസ്ഥാന ഭാരവാഹികളായ കെ പി എ സലാം, പി വി റയീസ്, ഷഫീക്ക് സലാഹുദ്ദീൻ, അസ്ലം പങ്കെടുത്തു.



