അബുദാബി- മേഖലയിലുണ്ടായ തടസ്സങ്ങള്‍ കണക്കിലെടുത്ത്, അബുദാബിക്കും സൗദി അറേബ്യയിലെ രണ്ട് നഗരങ്ങള്‍ക്കും ഇടയിലുള്ള എല്ലാ യാത്രാ, ചരക്ക് വിമാന സര്‍വീസുകളും റദ്ദാക്കിയ നടപടി ഡിസംബര്‍ 31 വരെ നീട്ടിയതായി ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു.
അബുദാബിയില്‍ നിന്ന് ദമാം, റിയാദ് എന്നീ നഗരങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും ഡിസംബര്‍ 31 വ്യാഴാഴ്ച വരെ റദ്ദാക്കിയതായി എയര്‍ലൈന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ യാത്രാ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.
അതേസമയം, നിലവിലെ സാഹചര്യങ്ങള്‍ മൂലം സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകളില്‍ മാറ്റങ്ങള്‍ വരുത്തിയതായി ഫ്ളൈ ദുബായ് വക്താവ് അറിയിച്ചു. ദമാമിലേക്കുള്ള വിമാന സര്‍വീസുകള്‍ നിലവില്‍ പരിമിതമായ തോതിലാണ് പ്രവര്‍ത്തിക്കുന്നത്. റിയാദിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഡിസംബര്‍ 10 വരെയും, അബഹയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഡിസംബര്‍ 30 വരെയും റദ്ദാക്കിയിട്ടുണ്ട്.
സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, വിമാന സമയക്രമത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടായാല്‍ ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ യാത്രക്കാരെ അറിയിക്കുമെന്നും ഫ്ലൈ ദുബായ് വക്താവ് കൂട്ടിച്ചേര്‍ത്തു. യാത്രക്കാര്‍ തങ്ങളുടെ വിമാന സര്‍വീസുകളുടെ നിലവിലെ അവസ്ഥ (സ്റ്റാറ്റസ്) കൃത്യമായി പരിശോധിക്കണമെന്നും, ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിക്കാനായി തങ്ങളുടെ കോണ്ടാക്ട് വിവരങ്ങള്‍ (ഫോണ്‍ നമ്പര്‍, ഇ-മെയില്‍ തുടങ്ങിയവ) കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും ഫ്ലൈ ദുബായ് നിര്‍ദ്ദേശിച്ചു.



