കയ്റോ: കയ്റോയ്ക്ക് സമീപം ഗിസ ഗവര്‍ണറേറ്റിലെ വറാഖ് ഡിസ്ട്രിക്ടിലെ റിംഗ് റോഡില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞ് തീപിടിച്ച് 31 പേര് മരിക്കാനിടയായ സംഭവത്തില്‍, അപകടത്തിന് കാരണക്കാരനായ സ്വകാര്യ കാര്‍ ഡ്രൈവര്‍ അറസ്റ്റിലായി. 18-നും 19-നും ഇടയില്‍ പ്രായമുള്ള യുവാവിനെ അറസ്റ്റ് ചെയ്തതായും, ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും ഈജിപ്ഷ്യന്‍ പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.
അപകടകാരണം അമിതവേഗതയെന്ന് മൊഴി സംഭവസ്ഥലത്തെ പരിശോധനകള്‍, അന്വേഷണ കണ്ടെത്തലുകള്‍, സാക്ഷിമൊഴികള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. അപകടസമയത്ത് പിതാവിനൊപ്പം അല്മര്ഗില് നിന്ന് ഗിസയിലെ പിരമിഡ് മേഖലയിലേക്ക് പോവുകയായിരുന്നുവെന്ന് യുവാവ് മൊഴി നല്കി. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലാണ് താന്‍ കറുത്ത ഹ്യുണ്ടായ് എലാന്‍ട്ര കാര്‍ ഓടിച്ചിരുന്നത്.

മറ്റു വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ തന്റെ കാറിന്റെ ഇടതുവശം ഇന്ധന ടാങ്കറിന്റെ പിന്‍ഭാഗത്ത് ശക്തിയായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടാങ്കറിന്റെ ഒരു ടയര്‍ പൊട്ടുകയും, നിയന്ത്രണം വിട്ട ടാങ്കര്‍ കോണ്‍ക്രീറ്റ് ബാരിയറില്‍ ഇടിച്ച് മറിയുകയുമായിരുന്നു. തുടര്‍ന്ന് ടാങ്കറില്‍ നിന്ന് പെട്രോള്‍ ചോര്‍ന്ന് വന്‍ സ്ഫോടനങ്ങളും തീപിടുത്തവുമുണ്ടായതായും പ്രതി അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചു. യുവാവിന്റെ അശ്രദ്ധമായ ഡ്രൈവിംഗാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് ദൃക്സാക്ഷികളും മൊഴി നല്‍കിയിരുന്നു. പ്രതിയുടെ ക്രിമിനല്‍ ഉത്തരവാദിത്തം നിര്‍ണ്ണയിക്കുന്നതിനുള്ള തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.
ദുരന്തത്തിന്റെ വ്യാപ്തി അപകടത്തില്‍ 31 പേര് മരിക്കുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഈജിപ്ഷ്യന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവരില്‍ 21 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യനില മെച്ചപ്പെട്ട അഞ്ച് പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
രണ്ടു കോടിയിലധികം ജനസംഖ്യയുള്ള കയ്റോയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേയായ റിംഗ് റോഡിലുണ്ടായ തീപിടുത്തത്തില്‍ ബസ്സുകളും കാറുകളും ഉള്‍പ്പെടെ 27 വാഹനങ്ങളാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്.



