റിയാദ്- പ്രവാസി സംഘടനകളും മാധ്യമങ്ങളും തമ്മിലുള്ള ആശയവിനിമയവും ബന്ധവും ശക്തിപ്പെടുത്താന്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ‘റിംഫ് കണക്ട് കമ്മ്യൂണിറ്റി’ മാധ്യമ ശില്പശാല ഇന്ന് വ്യാഴാഴ്ച നടക്കും. ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് ഏഴിനാണ് പരിപാടി.
‘റിംഫ് ടോക്ക്’ സംവാദ പരമ്പരയുടെ ഭാഗമായാണ് ശില്പശാല. പ്രവാസി സംഘടനകളുടെ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ശില്പശാലയില് വിശദീകരിക്കും. സംഘടനാ പ്രവര്‍ത്തനങ്ങളിലെ വാര്‍ത്താ പ്രാധാന്യം, സംഘടനകളും മാധ്യമങ്ങളും തമ്മിലുള്ള സൗഹൃദം, വാര്‍ത്തകളിലെ വിശ്വാസ്യതയും ആധികാരികതയും തുടങ്ങിയ വിഷയങ്ങളും വിശകലനം ചെയ്യും. റിയാദിലെ വിവിധ സാമൂഹിക, സാംസ്കാരിക, പ്രവാസി സംഘടനാ പ്രതിനിധികള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം.
സംഘടനാ ഭാരവാഹികള്‍ക്കും മീഡിയ കോഓര്‍ഡിനേറ്റര്‍മാര്‍ക്കും ശില്പശാല ഏറെ പ്രയോജനകരമാകുമെന്ന് ‘റിംഫ്’ അറിയിച്ചു.



