മലപ്പുറം- ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്ന വെളിപ്പെടുത്തലുമായി ഗായകൻ സലീം കോടത്തൂരിന്റെ സുഹൃത്ത് ഷുഹൈബ് രംഗത്ത്. സലീം കോടത്തൂരിന് നേരത്തെ അനുഭവപ്പെട്ട അതേ രോഗാവസ്ഥ തന്നെയാണ് തനിക്കും ഉണ്ടായതെന്ന് ഷുഹൈബ് വ്യക്തമാക്കി.
കണ്ണിൽ നീര്, ഉറക്കമില്ലായ്മ, മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുക തുടങ്ങിയവയായിരുന്നു പ്രധാന രോഗലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടതോടെ ക്രീം ഉപയോഗിച്ചതാകാം രോഗാവസ്ഥയ്ക്ക് കാരണമെന്ന് സലീം കോടത്തൂർ തന്നെയാണ് ഷുഹൈബിനോട് സൂചിപ്പിച്ചത്.
തുടർന്ന് ഉപയോഗിച്ചിരുന്ന ക്രീം അടക്കം ഡോക്ടറെ കാണിച്ചപ്പോഴാണ് ഇതിന്റെ ഉപയോഗം മൂലമാണ് രോഗം ബാധിച്ചതെന്ന് സ്ഥിരീകരിച്ചത്. താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് ഷുഹൈബ് പറഞ്ഞു. പുറമെ പുരട്ടുന്ന ക്രീം വഴി എങ്ങനെയാണ് വൃക്കയ്ക്ക് തകരാറുകൾ സംഭവിക്കുന്നതെന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇപ്പോഴും ഇത്തരം ക്രീമുകൾ വിൽപ്പന നടത്താൻ ശ്രമിക്കുന്നവർ നിലവിലുണ്ടെന്നും, ഡോക്ടർമാരുടെ കൃത്യമായ നിർദ്ദേശപ്രകാരം മാത്രമേ ചർമ്മസംരക്ഷണ ക്രീമുകൾ ഉപയോഗിക്കാവൂ എന്നും ഷുഹൈബ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.



