ന്യൂഡൽഹി- സൗദി അറേബ്യയിലെ റിയാദ് ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലുള്ള ഒരു ടവറിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. നവംബർ 24-ന് നടന്ന ആക്രമണത്തിലും, സൗദി അറേബ്യയിലെ സാധാരണക്കാരുടെയും സാമ്പത്തിക-ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് തുടരുന്ന ആക്രമണങ്ങളിലും ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
റിയാദ് ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. പരിക്കേറ്റവർക്കും അവരുടെ കുടുംബങ്ങൾക്കും റിയാദിലെ ഇന്ത്യൻ എംബസി സാധ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്നുണ്ട്.
ഇത്തരം ആക്രമണങ്ങൾ സാധാരണക്കാരുടെ ജീവന് ഗുരുതരമായ ഭീഷണി ഉയർത്തുന്നതായും, സൗദി അറേബ്യയുടെ പരമാധികാരത്തെ ലംഘിക്കുന്നതായും ഇന്ത്യ ചൂണ്ടിക്കാട്ടി. പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്തുന്ന ഇത്തരം നീക്കങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
സൗദി അറേബ്യയിലെ ജനങ്ങളോടും സർക്കാരിനോടുമുള്ള ഉറച്ച ഐക്യദാർഢ്യം ഇന്ത്യ ആവർത്തിച്ചു. രാജ്യത്തിന്റെ പരമാധികാരം, പ്രാദേശിക അഖണ്ഡത, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിൽ സൗദി അറേബ്യയ്ക്ക് അചഞ്ചലമായ പിന്തുണയുണ്ടാകുമെന്നും പ്രസ്താവനയിൽ പറയുന്നു. മേഖലയിൽ എത്രയും വേഗം സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യ അറിയിച്ചു.



