2027 മെയ് 23 മുതൽ പ്രാബല്യത്തിൽ
ജിദ്ദ– സൗദി അറേബ്യയിലെ സ്വകാര്യ ധനകാര്യ മേഖലയിലെ 17 തസ്തികകളിൽ 50 ശതമാനം സൗദിവത്കരണം നടപ്പാക്കാൻ തീരുമാനം. സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സുമായി സഹകരിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2027 മെയ് 23 മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക.
സൗദി പൗരന്മാർക്ക് ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനും തൊഴിൽ വിപണിയിലെ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമാണ് പുതിയ നീക്കം. ബന്ധപ്പെട്ട തസ്തികകളിൽ രണ്ടോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കാണ് ഈ നിബന്ധന ബാധകമാകുക.
സൗദിവത്കരണം ബാധകമാകുന്ന 17 തസ്തികകൾ
- ഫിനാൻഷ്യൽ അനലിസ്റ്റ്
- ഫിനാൻഷ്യൽ കൺസൾട്ടന്റ്
- ഇൻവെസ്റ്റ്മെന്റ് മാനേജർ
- ഫിനാൻഷ്യൽ കൺട്രോൾ സ്പെഷ്യലിസ്റ്റ്
- ഇൻവെസ്റ്റ്മെന്റ് സ്പെഷ്യലിസ്റ്റ്
- ഫിനാൻഷ്യൽ പ്ലാനിംഗ് സ്പെഷ്യലിസ്റ്റ്
- ഫിനാൻഷ്യൽ പ്രൊഡക്റ്റ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ്
- ട്രഷറി സ്പെഷ്യലിസ്റ്റ്
- ക്രെഡിറ്റ് മാനേജർ
- ഫിനാൻഷ്യൽ സർവീസസ് കൺട്രോൾ മാനേജർ
- ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേറ്റർ
- ഗവൺമെന്റ് റവന്യൂ സ്പെഷ്യലിസ്റ്റ്
- ഫിനാൻഷ്യൽ ബ്രോക്കറേജ് മാനേജർ
- ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ
- ഇൻവെസ്റ്റ്മെന്റ് എക്സ്പേർട്ട്
- ഫിനാൻഷ്യൽ അഡ്വൈസർ
- ഫിനാൻഷ്യൽ എക്സ്പേർട്ട്
ആറ് മാസത്തെ ഗ്രേസ് പിരീഡും പ്രോത്സാഹനങ്ങളും
നിർദ്ദിഷ്ട സൗദിവത്കരണ നിരക്ക് കൈവരിക്കുന്നതിനും ആവശ്യമായ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നതിനുമായി സ്ഥാപനങ്ങൾക്ക് ആറ് മാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്.
തീരുമാനം സുഗമമായി നടപ്പാക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് മന്ത്രാലയം വിവിധ പ്രോത്സാഹന പാക്കേജുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. യോഗ്യരായ സ്വദേശികളെ റിക്രൂട്ട് ചെയ്യുന്നതിനും പരിശീലനത്തിനും തൊഴിൽശേഷി വികസനത്തിനും പിന്തുണ നൽകുന്നതിനൊപ്പം തൊഴിൽ സ്ഥിരത ഉറപ്പാക്കാനും സൗദിവത്കരണ പ്രോഗ്രാമുകളിൽ മുൻഗണന നൽകാനും ഇത് സഹായിക്കും.
നടപടിക്രമ ഗൈഡിലെ വ്യവസ്ഥകളും ജോലി ശീർഷകങ്ങളും അനുസരിച്ചായിരിക്കും സൗദിവത്കരണ നിരക്ക് കണക്കാക്കുക. വിശദാംശങ്ങൾക്കായി മന്ത്രാലയം പുറത്തിറക്കിയ സൗദിവത്കരണ നടപടിക്രമ ഗൈഡ് പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു. സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായാണ് സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നടപടികൾ ശക്തമാക്കുന്നത്.



