റിയാദ്- റിയാദില്‍ ഡ്രോണ്‍ ആക്രമണം നടത്താന്‍ വീണ്ടും ഹൂത്തികളുടെ ശ്രമം. ഇന്ന് ഉച്ചയ്ക്ക് റിയാദിലേക്ക് തൊടുത്തുവിട്ട ഡ്രോണ്‍ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പായി സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ത്തതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. തകര്‍ത്ത ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ച് ആളപായമോ പരിക്കോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം, ബഹ്റൈനിലെ സിവിലിയന്‍ വ്യാവസായിക കേന്ദ്രത്തിനു നേരെ ഇറാന് നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായും, സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികളിലും ബഹ്റൈനോട് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഇറാന്റെ തുടര്‍ച്ചയായ പെരുമാറ്റം, പ്രാദേശിക രാജ്യങ്ങളെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍, അന്താരാഷ്ട്ര നിയമ തത്വങ്ങള്‍, ഐക്യരാഷ്ട്രസഭ ചാര്‍ട്ടര്‍, ഒ.ഐ.സി ചാര്‍ട്ടര്‍, നല്ല അയല്പക്ക തത്വങ്ങള്‍ തുടങ്ങിയവ ലംഘിക്കല്‍ എന്നിവയെ സൗദി അറേബ്യ പൂര്‍ണ്ണമായും നിരസിക്കുന്നു. തുടര്‍ച്ചയായ ഇത്തരം ആക്രമണങ്ങളുടെ അനന്തരഫലങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇറാനാണെന്നും സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.



