റിയാദ്– യെമനിലെ വിവിധ ഇടങ്ങളിലുള്ള ഹൂത്തി സൈനിക ലക്ഷ്യങ്ങൾക്ക് നേരെ സഖ്യസേന ആക്രമണം നടത്തിയതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു. ഹൂത്തി മിലീഷ്യയുടെ സൈനിക ശേഷികൾ തകർക്കാനും യെമനിലെയും സൗദി അറേബ്യയിലെയും സാധാരണക്കാർക്കെതിരായ ആക്രമണങ്ങൾ തടയാനും ലക്ഷ്യമിട്ടാണ് സൈനിക നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഏഴ് കേന്ദ്രങ്ങളും, മിസൈലുകളുടെയും ഡ്രോൺ ലോഞ്ച് പ്ലാറ്റ്‌ഫോമുകളുടെയും നിർമ്മാണത്തിലും അസംബ്ലിയിലും ഏർപ്പെട്ടിരുന്ന ആറ് വർക്ക്‌ഷോപ്പുകളും ഓപ്പറേഷനിൽ നശിപ്പിച്ചു. ഇതിനുപുറമെ മിലീഷ്യയുടെ ഒരു പ്രധാന വിതരണ ഡിപ്പോയും സഖ്യസേന തകർത്തു.
ആയുധങ്ങളുടെയും ബാലിസ്റ്റിക് മിസൈലുകളുടെയും കള്ളക്കടത്തിനും കൈമാറ്റത്തിനുമായി ഉപയോഗിക്കുന്ന അൽഹുദൈദ തുറമുഖത്തെ സൈനിക സൗകര്യങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. പശ്ചിമ യെമനിൽ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അൽഹുദൈദ തുറമുഖത്തുനിന്നും സമീപപ്രദേശങ്ങളിൽ നിന്നും സുരക്ഷ മുൻനിർത്തി സാധാരണക്കാർ ഒഴിഞ്ഞുപോകണമെന്ന് സഖ്യസേന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അപകടസാധ്യതയുള്ള മേഖലകൾ വ്യക്തമാക്കുന്ന ഭൂപടവും സഖ്യസേന പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തുറമുഖം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ശക്തമായ ആക്രമണം നടത്തിയത്.
യെമനിലെ വിവിധ ഗവർണറേറ്റുകളിൽ ഹൂത്തികളുടെ സൈനിക ലക്ഷ്യങ്ങളും ബാലിസ്റ്റിക് ശേഷികളും പൂർണ്ണമായും നിർവീര്യമാക്കുന്നതുവരെ സൈനിക നടപടികൾ തുടരുമെന്നും സഖ്യസേനാ വക്താവ് കൂട്ടിച്ചേർത്തു.



