കൊച്ചി: കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച കണ്ണൂർ അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ കൊലക്കുറ്റം തെളിഞ്ഞ ഏഴ് പ്രതികൾക്ക് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ആകെ 13 പ്രതികളിൽ ഒന്നാം പ്രതി കെ.വി. സുമേഷ് ഉൾപ്പെടെ ഏഴ് പേർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. മറ്റ് കുറ്റങ്ങൾ തെളിഞ്ഞ ബാക്കി ആറ് പ്രതികൾക്കുള്ള ശിക്ഷയും കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. കെ.വി. സുമേഷ് (ഒന്നാം പ്രതി), എ.വി. അനൂപ് (മൂന്നാം പ്രതി), പവിത്രൻ (ഏഴാം പ്രതി), പി.വി. മനോഹരൻ (ഒൻപതാം പ്രതി), എൻ.പി. ദിനേശൻ എന്ന മൈന ദിനേശൻ (പത്താം പ്രതി), ബിജുമോൻ എന്ന വടി ബിജു (പന്ത്രണ്ടാം പ്രതി), ഷിജിൻ മോഹൻ (പതിനഞ്ചാം പ്രതി) എന്നിവർക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഇവർക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. നേരത്തെ, തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി സി.പി.എം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരെയും, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത്, ഗണേഷ് എന്നിവരുൾപ്പെടെ 18 പ്രതികളെയും പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടിരുന്നു.
ഒരു വ്യാഴവട്ടത്തിലേറെ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ നിർണ്ണായക വിധി ഉണ്ടായിരിക്കുന്നത്. അതേസമയം, ഇപ്പോഴത്തെ കോടതി വിധിയിൽ തൃപ്തരല്ലെന്നും നിയമപോരാട്ടം തുടരുമെന്നുമാണ് ഷുക്കൂറിന്റെ കുടുംബത്തിന്റെ നിലപാട്.കേസിന്റെ പശ്ചാത്തലം2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പ് പട്ടുവത്തെ അരിയിൽ സ്വദേശിയും എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷററുമായിരുന്ന 24 വയസ്സുകാരൻ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെടുന്നത്. അന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും കല്യാശേരി എം.എൽ.എ ആയിരുന്ന ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ പട്ടുവത്ത് വെച്ച് ആക്രമണമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഷുക്കൂർ കൊല്ലപ്പെട്ടതെന്നാണ് പോലീസ് അന്വേഷണ റിപ്പോർട്ട്.
വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് പി. ജയരാജനും ടി.വി. രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഈ ആശുപത്രി മുറിയിൽ വെച്ച് സി.പി.എം പ്രാദേശിക നേതാക്കൾ ഗൂഢാലോചന നടത്തുകയും കൊലപാതകത്തിന് നിർദ്ദേശം നൽകുകയും ചെയ്തു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
പട്ടുവം പാടത്തെ വിചാരണയും കൊലപാതകവുംആക്രമണത്തിന് പിന്നാലെ പാർട്ടി പ്രവർത്തകർ ആയുധങ്ങളുമായി നടത്തിയ തിരച്ചിലിൽ ഷുക്കൂറിനെയും സുഹൃത്ത് സക്കറിയയെയും കണ്ടെത്തി. അക്രമികൾ വരുന്നത് കണ്ട് ഷുക്കൂറും സംഘവും മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും, നിമിഷങ്ങൾക്കുള്ളിൽ നൂറുകണക്കിനാളുകൾ വീട് വളഞ്ഞു. വീട്ടുടമസ്ഥനെ ഭീഷണിപ്പെടുത്തി വാതിൽ തുറപ്പിച്ച സംഘം രണ്ട് മണിക്കൂറോളം ഇവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു.
തുടർന്ന് പട്ടുവം പാടത്തെത്തിച്ച് പരസ്യവിചാരണ നടത്തിയ ശേഷം ഷുക്കൂറിനെയും സക്കറിയയെയും വെട്ടുകയായിരുന്നു. വെട്ടേറ്റ സക്കറിയ ഓടിരക്ഷപ്പെട്ട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായെങ്കിലും ഷുക്കൂർ കൊല്ലപ്പെട്ടു. ഷുക്കൂറിന്റെ സഹോദരൻ ദാവൂദ് ഉൾപ്പെടെയുള്ളവർ നേതാക്കളോട് അപേക്ഷിച്ചിട്ടും, യു.ഡി.എഫ് നേതാക്കൾ പോലീസിൽ വിവരമറിയിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല. കൃത്യവിലോപത്തിന് കണ്ണപുരം സ്റ്റേഷനിലെ രണ്ട് പോലീസുകാരെ അന്ന് സസ്പെൻഡ് ചെയ്തിരുന്നു.
അന്വേഷണവും സി.ബി.ഐയിലേക്കുള്ള വഴിത്തിരിവും2012 മാർച്ച് 22-ന് ശ്യാംജിത്ത്, തളിപ്പറമ്പ് നഗരസഭ മുൻ ചെയർമാൻ മലർവാടി രവിയുടെ മകൻ ബിജുമോൻ എന്നിവരുൾപ്പെടെ 18 പേരുടെ ആദ്യ പ്രതിപ്പട്ടിക പോലീസ് കോടതിയിൽ സമർപ്പിച്ചു. ജൂണിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തി സി.പി.എം കണ്ണപുരം ടൗൺ ബ്രാഞ്ച് സെക്രട്ടറി കെ.വി. സജിത്തിന്റെ ബൈക്കിന്റെ ടൂൾ ബോക്സിൽ നിന്ന് കണ്ടെടുത്തു. തുടർന്ന് 34 പേരുടെ പ്രതിപ്പട്ടിക തയ്യാറാക്കിയ പോലീസ് ഓഗസ്റ്റ് ഒന്നിന് പി. ജയരാജനെ അറസ്റ്റ് ചെയ്തു.
തലശ്ശേരി കോടതിയിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ കൊലപാതകത്തെക്കുറിച്ച് അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്ന കുറ്റമായിരുന്നു ജയരാജനും ടി.വി. രാജേഷിനുമെതിരെ ചുമത്തിയിരുന്നത്. എന്നാൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഷുക്കൂറിന്റെ ഉമ്മ ആത്തിക്ക ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് വഴിത്തിരിവായത്. തുടക്കത്തിൽ കേസ് ഏറ്റെടുക്കാൻ സി.ബി.ഐ വിമുഖത കാണിച്ചെങ്കിലും, ആത്തിക്കയുടെ നിയമപോരാട്ടത്തിനൊടുവിൽ ഹൈക്കോടതി കേസ് സി.ബി.ഐക്ക് വിട്ടു.സി.ബി.ഐ നടത്തിയ തുടരന്വേഷണത്തിലാണ് പി. ജയരാജനെതിരെ കൊലപാതകക്കുറ്റവും (വകുപ്പ് 302) ക്രിമിനൽ ഗൂഢാലോചനയും (വകുപ്പ് 120 ബി), ടി.വി. രാജേഷിനെതിരെ ഗൂഢാലോചനാക്കുറ്റവും ചുമത്തിയത്. പിന്നീട് കുടുംബത്തിന്റെ ആവശ്യപ്രകാരം വിചാരണ കണ്ണൂരിന് പുറത്തേക്ക്, എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയിലേക്ക് മാറ്റുകയായിരുന്നു.



