റിയാദ്- ഇന്ന് രാവിലെ റിയാദില്‍ ഹൂത്തികള്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ഭൗതിക നാശനഷ്ടങ്ങള്‍ നേരിട്ടതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. റിയാദില്‍ ആക്രമണം നടത്താന്‍ ഹൂത്തികള്‍ തൊടുത്തുവിട്ട മിസൈല്‍ ലക്ഷ്യത്തിലെത്തുന്നതിനു മുമ്പായി സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ക്കുകയായിരുന്നു. നശിപ്പിപ്പിച്ച മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് ഭൗതിക നാശനഷ്ടങ്ങള്‍ നേരിട്ടതായി പ്രാഥമിക വിലയിരുത്തലില്‍ തെളിഞ്ഞു.
നാശനഷ്ടങ്ങളുടെ കണക്കുകളെടുക്കാനും അതിന്റെ വ്യാപ്തി വിലിയിരുത്താനും ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രമം തുടരുകയാണ്. ദക്ഷിണ സൗദി അറേബ്യയില്‍ ആക്രമണം നടത്താന്‍ ഹൂത്തികള്‍ വിക്ഷേപിച്ച ക്രൂയിസ് മിസൈലും സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ത്തു. റിയാദില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താന്‍ ഹൂത്തികള്‍ ഉപയോഗിച്ച, യെമനിലെ ദമാര്‍ ഗവര്‍ണറേറ്റിലെ മിസൈല്‍ ലോഞ്ചര്‍ തകര്‍ത്തതായും സഖ്യസേനാ വക്താവ് അറിയിച്ചു.
ദക്ഷിണ സൗദിയില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം വിഫലമാക്കിയതായി ഇന്ന് പുലര്‍ച്ചെ സഖ്യസേന അറിയിച്ചിരുന്നു. ദക്ഷിണ സൗദിയില്‍ ആക്രമണം നടത്താന്‍ ഹൂത്തികള്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പായി സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ക്കുകയായിരുന്നു. നശിപ്പിച്ച മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് ആര്‍ക്കെങ്കിലും പരിക്കോ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദക്ഷിണ സൗദിയില്‍ ആക്രമണം നടത്താന്‍ ഹൂത്തികള്‍ ഉപയോഗിച്ച, സഅ്ദയിലെ മിസൈല്‍ ലോഞ്ചര്‍ സഖ്യസേന പിന്നീട് തകര്‍ത്തതായും മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.



