മനാമ: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്റൈനിലുള്ള അമേരിക്കൻ പൗരന്മാർക്ക് യു.എസ് എംബസി കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇറാൻ പിന്തുണയുള്ള ഹൂത്തി സായുധ സംഘങ്ങളിൽ നിന്ന് ആക്രമണമുണ്ടാകാനുള്ള സാധ്യത മുൻനിർത്തിയാണ് മനാമയിലെ എംബസി നവംബർ 15-ന് പ്രത്യേക സുരക്ഷാ അലേർട്ട് നൽകിയത്.
മേഖലയിലെ അമേരിക്കൻ സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ, വ്യാപാര കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെ ഇറാനും അനുകൂല സംഘടനകളും ആക്രമണത്തിന് മുതിർന്നേക്കാം എന്നാണ് വിലയിരുത്തൽ. മുൻപ് സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്കും പ്രധാന കേന്ദ്രങ്ങൾക്കും നേരെ ഹൂത്തികൾ നടത്തിയ ആക്രമണങ്ങൾ സിവിലിയൻ മരണങ്ങൾക്കും രൂക്ഷമായ യാത്രാ പ്രതിസന്ധികൾക്കും വഴിവെച്ചിരുന്നു. സമാനമായ രീതിയിൽ സ്ഥിതിഗതികൾ പെട്ടെന്ന് വഷളാകാൻ സാധ്യതയുള്ളതിനാൽ പൗരന്മാർ അതീവ കരുതലോടെയിരിക്കണമെന്ന് എംബസി വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ വ്യോമാതിർത്തി അടയ്ക്കാനും വിമാന സർവീസുകൾ റദ്ദാക്കാനും സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകൂട്ടി ബദൽ സംവിധാനങ്ങൾ ആസൂത്രണം ചെയ്യണം. മിഡിൽ ഈസ്റ്റിലേക്ക് യാത്ര ചെയ്യുന്നവർ വിമാനക്കമ്പനികളുമായോ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഫ്ലൈറ്റ് ട്രാക്കർ വഴിയോ സർവീസ് വിവരങ്ങൾ കൃത്യമായി ഉറപ്പുവരുത്തേണ്ടതാണ്. സുരക്ഷാ മുന്നറിയിപ്പ് നിലനിൽക്കുമ്പോഴും മനാമയിലെ യു.എസ് എംബസിയിൽ വിസ സേവനങ്ങളും മറ്റ് സാധാരണ കാര്യാലയ പ്രവർത്തനങ്ങളും നിലവിൽ മുടക്കമില്ലാതെ നടക്കുന്നുണ്ട്.



