അങ്കാറ– അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക ആക്രമണങ്ങൾ മൂലം രാജ്യത്തുണ്ടായ പാരിസ്ഥിതിക നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. തുർക്കിയിൽ നടക്കുന്ന യു.എൻ കാലാവസ്ഥാ ഉച്ചകോടിയുടെ മൂന്നാം ദിനം രാഷ്ട്രത്തലവന്മാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സൈനിക നടപടികൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങൾ കൃത്യമായി രേഖപ്പെടുത്താനും വിലയിരുത്താനും ആഗോളതലത്തിൽ സംവിധാനമുണ്ടാകണമെന്ന് പെസെഷ്കിയാൻ ആവശ്യപ്പെട്ടു. സമാധാനകാലത്തെ കാലാവസ്ഥാ പ്രതിബദ്ധതകളും യുദ്ധകാലത്തെ ഉത്തരവാദിത്തങ്ങളും തമ്മിൽ അർത്ഥവത്തായ ബന്ധം സ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനം നേരിടാൻ വികസ്വര രാജ്യങ്ങൾക്ക് സമ്പന്ന രാജ്യങ്ങൾ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, യുദ്ധക്കെടുതികൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക നഷ്ടങ്ങൾക്ക് പരിഹാരം കാണാൻ നിലവിലുള്ള അന്താരാഷ്ട്ര കരാറുകളിൽ വ്യവസ്ഥകളില്ല.
ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കങ്ങൾ ലെബനോനിലേക്കും ഗൾഫ് മേഖലയിലേക്കും വ്യാപിച്ചിരുന്നു. ഇറാനിലെയും സമീപ പ്രദേശങ്ങളിലെയും ഊർജ നിലയങ്ങൾക്കും കപ്പലുകൾക്കും നേരെ തുടർച്ചയായ ആക്രമണങ്ങളാണുണ്ടായത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ടാങ്കറുകൾക്ക് നേരെ ഇറാനും പ്രത്യാക്രമണം നടത്തിയിരുന്നു. ഇത്തരം നീക്കങ്ങൾ മേഖലയിൽ വൻതോതിലുള്ള എണ്ണച്ചോർച്ചയ്ക്കും ഗുരുതരമായ പാരിസ്ഥിതിക നാശത്തിനും കാരണമായിട്ടുണ്ട്.
അതേസമയം, ഈ സംഘർഷം ആഗോളതലത്തിൽ ഹരിതഗൃഹ വാതക പുറന്തള്ളൽ നേരിയ തോതിൽ കുറയാൻ കാരണമായേക്കാമെന്ന് അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ കൂട്ടായ്മ വിലയിരുത്തുന്നു. യുദ്ധത്തെത്തുടർന്ന് ഇന്ധനവില കുതിച്ചുയർന്നതും, രാജ്യങ്ങൾ പുനരുപയോഗ ഊർജ സ്രോതസ്സുകളെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങിയതുമാണ് ഇതിന് കാരണമായി ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.



