ഗാസ– തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള നാസർ മെഡിക്കൽ കോംപ്ലക്സിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു സർജൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.
ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗത്തെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നും ഇത് വലിയ നാശനഷ്ടങ്ങൾ വരുത്തിയെന്നും വക്താവ് മഹ്മൂദ് ബസൽ പറഞ്ഞു. ജനറൽ സർജറി വിഭാഗത്തിലെ ഡോ. റിസ്ക് അബൂശഈറയാണ് കൊല്ലപ്പെട്ട ഡോക്ടറെന്ന് മെഡിക്കൽ ജീവനക്കാർ സ്ഥിരീകരിച്ചു.
ഗാസയിൽ കഴിഞ്ഞ ദിവസങ്ങളിലും ഇസ്രായേൽ വ്യോമാക്രമണം ശക്തമായിരുന്നു. ബുധനാഴ്ച ഗാസ നഗരത്തിലെ ഒരു കെട്ടിടത്തിന് മുകളിലും ശൈഖ് റദ്വാൻ മേഖലയിലെ അഭയാർത്ഥി ക്യാമ്പിലുമുണ്ടായ ആക്രമണങ്ങളിൽ രണ്ട് സഹോദരന്മാരടക്കം മൂന്ന് പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ഭീകരരെയാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വിശദീകരണം.
കഴിഞ്ഞ വർഷം അമേരിക്കൻ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ പ്രകാരം ഗാസയുടെ പുനർനിർമ്മാണം ലക്ഷ്യമിട്ടിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഹമാസിന്റെ നിരായുധീകരണം, ഇസ്രായേൽ സൈനിക പിന്മാറ്റം തുടങ്ങിയ വ്യവസ്ഥകളിൽ ഇപ്പോഴും സമവായമായിട്ടില്ല. നിലവിൽ ഗാസയുടെ മൂന്നിൽ രണ്ട് ഭാഗവും ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന ശേഷമുള്ള ആക്രമണങ്ങളിൽ മാത്രം ഇതുവരെ 1,600-ഓളം പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ആരോഗ്യ വിഭാഗത്തിന്റെ കണക്ക്. യുദ്ധം ആരംഭിച്ചതിന് ശേഷം ആകെ 74,000-ത്തിലധികം പേർക്ക് ജീവൻ നഷ്ടമായതായി പലസ്തീൻ അധികൃതർ റിപ്പോർട്ട് ചെയ്യുന്നു.



