കൊച്ചി- മറൈൻ ഡ്രൈവിൽ അലകടലായി മാറിയ യൂത്ത് ലീഗ് സംസ്ഥാന സമ്മേളന നഗരിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച് സംഘടനയുടെ സന്നദ്ധ സേവന വിഭാഗമായ ‘വൈറ്റ് ഗാർഡ്’ സേനാംഗങ്ങളുടെ ഗാംഭീര്യമാർന്ന അണിനിരക്കലും പ്രൗഢമായ സല്യൂട്ട് സ്വീകരിക്കലും. 500 ഓളം വൈറ്റ് ഗാർഡ് അംഗങ്ങളാണ് സമ്മേളന നഗരിയിൽ സന്നദ്ധ സേവനത്തിനായി രംഗത്തിറങ്ങിയത്. ഇതിൽ പരേഡിനായി 33 പേർ വീതമുള്ള 10 ബറ്റാലിയനുകളിലായി 330 അംഗങ്ങൾ അണിനിരന്നു. ശുഭ്രവസ്ത്രമണിഞ്ഞ് പൂർണ്ണമായും രാഷ്ട്രീയ അച്ചടക്കം പാലിച്ചുകൊണ്ട് നീങ്ങിയ പരേഡ് പൊതുജനങ്ങളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും ഒരേപോലെയുള്ള ആദരവും പ്രശംസയും പിടിച്ചുപറ്റി.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജന . സെക്രട്ടറി പി കെ ഫിറോസ് എം എൽ എ, ട്രഷറർ പി ഇസ്മയിൽ, ദേശീയ ജന.സെക്രട്ടറി അഡ്വ ഷിബു മീരാൻ, വൈസ് പ്രസിഡന്റ്‌മാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ് എടനീർ, കെ. എ മാഹിൻ, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ, ഫാത്തിമ തെഹ്‌ലിയ എം.എൽ.എ, യൂത്ത് ലീഗ് എറണാകുളം ജില്ല പ്രസിഡന്റ് കെ. എ ഷുഹൈബ്, ജനറൽ സെക്രട്ടറി കെ. എൻ നിയാസ് നേതൃത്വം നൽകി.
സമ്മേളനത്തിനെത്തിയ ആയിരക്കണക്കിന് ജനക്കൂട്ടത്തെ സുഗമമായി നിയന്ത്രിക്കുന്നതിലും, നഗരത്തിലെ ഗതാഗത കുരുക്കുകൾ ലഘൂകരിക്കുന്നതിലും, സമ്മേളന നടപടികൾ കൃത്യതയോടെ മുന്നോട്ട് കൊണ്ടുപോകുന്നതിലും വൈറ്റ് ഗാർഡിന്റെ സേവനം മാതൃകാപരമായിരുന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സന്നദ്ധതയും മാതൃകാപരമായ സംഘാടന മികവും കൊണ്ട് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് പ്രധാന കരുത്തായി മാറിയത് ഈ സന്നദ്ധ സേനയാണ്. യൂത്ത് ലീഗിന്റെ സംഘടനാ കരുത്തിന്റെയും കെട്ടുറപ്പിന്റെയും നേർക്കാഴ്ചയായി മാറി വൈറ്റ് ഗാർഡിന്റെ അവിസ്മരണീയ പ്രകടനം.



