റിയാദ്- സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 11,587 പേർ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനയിൽ പിടിയിലായി. താമസ നിയമങ്ങൾ ലംഘിച്ചതിന് 6,043 പേരാണ് അറസ്റ്റിലായത്. അതിർത്തിവഴി അനധികൃതമായി കടക്കാൻ ശ്രമിച്ചതിന് 3,191 പേർ, തൊഴിൽ നിയമലംഘനങ്ങൾക്ക് 2,353 പേരും അറസ്റ്റിലായി.
അതിർത്തിവഴി രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 1,678 പേരെയും, തിരികെ പുറത്തുകടക്കാൻ ശ്രമിച്ച 18 പേരെയും പിടികൂടിയിട്ടുണ്ട്. നിയമലംഘകർക്ക് യാത്രാ സൗകര്യങ്ങളോ താമസസ്ഥലമോ തൊഴിലോ നൽകി സഹായിച്ചതിന് 29 പേരും അറസ്റ്റിലായി.
അനധികൃതമായി ആരെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സഹായം ചെയ്യുകയോ വാഹനം, താമസ സൗകര്യം ഒരുക്കുകയോ ചെയ്താൽ 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള കർശന ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.



